മണിമലയിൽ വെളുത്ത നിറത്തിലുള്ള പന്നിയെലി കൌതുകമായി

1-web-white-rat

മണിമല: പലചരക്കു കടയിലെ മോഷണക്കാരനെ പിടികൂടാന്‍ വച്ച എലിപ്പെട്ടിയില്‍ വീണത് സുന്ദരന്‍ വെളുമ്ബന്‍ പന്നിയെലി.

മണിമല പള്ളിപ്പടിയിലെ ആലുങ്കല്‍ ജോസിന്റെ കടയിലാണ് സംഭവം. കടയിലെ മത്തങ്ങ സ്ഥിരമായി മോഷ്ടിക്കുന്ന കള്ളനെ പിടികൂടാനാണ് ജോസ് വലിയ എലിപ്പെട്ടി വെച്ചത്. കിട്ടിയത് പന്നിയെലികളിലെ സുന്ദരരൂപത്തെ. പൂര്‍ണമായും വെളുത്ത നിറമുള്ള എലിയുടെ കണ്ണുകള്‍ക്ക് കടും ചുവപ്പ് നിറമാണ്. കാണാന്‍ സുന്ദരനായതിനാല്‍ കടയില്‍ തീറ്റകൊടുത്തു സൂക്ഷിക്കുകയാണ് ജോസ്.

ഏതെങ്കിലും മൃഗസ്നേഹികള്‍ വന്നാല്‍ കൈമാറാന്‍ തയാറാണ്.മൃഗങ്ങളുടെ ത്വക്കിനും രോമങ്ങള്‍ക്കും സ്വാഭാവിക നിറം നല്‍കുന്ന മെലാനില്‍ എന്ന വര്‍ണവസ്തുവിന്റെ അപര്യാപ്തത മൂലമുള്ള ആല്‍ബിനിസം എന്ന അവസ്ഥയാണ് ഇത്തരം നിറവ്യത്യാസത്തിന് കാരണമെന്ന് കോടിമത സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. ബിജു പറഞ്ഞു. അത്യപൂര്‍വമായി ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്.