വെള്ളം ഒഴുകിപ്പോകാൻ ഓടയില്ല ; ഗ്രാമീണ റോഡുകൾ തകരുന്നു

കാഞ്ഞിരപ്പള്ളി ∙ മഴയിൽ മേഖലയിലെ ഗ്രാമീണ റോഡുകൾ തകരുന്നു. പൊതുമരാമത്ത് റോഡുകളും പഞ്ചായത്ത് റോഡുകളുമാണ് തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. റോഡുകളിൽ വീഴുന്ന മഴ വെള്ളം ഒഴുകി പോകാൻ ഓടകളില്ലാത്തതാണ് തകർച്ചയ്ക്കു പ്രധാന കാരണം. പൊൻകുന്നം – തമ്പലക്കാട് – കപ്പാട് പൊതുമരാമത്ത് റോഡിന്റെ തമ്പലക്കാട് ഷാപ്പ് കവല മുതൽ ഐഎംഎസ് ജംക്‌‌ഷൻ വരെയുള്ള ഭാഗമാണ് ശോചനീയാവസ്ഥയിലായത്.

ടാറിങ് 2 വശവും ഇടിഞ്ഞ് വീതി കുറഞ്ഞതും ഗതാഗതത്തിന് തടസ്സമായി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിങ് നടത്തി ഏതാനും നാളുകൾക്കുള്ളിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചതോടെയാണ് റോഡ് തകർന്നു തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. റോഡ് റീടാറിങ് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കിയിട്ടില്ല.

തമ്പലക്കാട് പള്ളിപ്പടി- തേക്കടക്കവല ലിങ്ക് റോഡും തകർന്നു.പഞ്ചായത്തിലെ 13–ാം വാർഡിലെ കൂവപ്പള്ളി മലബാർ കവല-പനച്ചേപ്പള്ളി റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സുഖോദയ- കുന്നുംഭാഗം റോഡിലെ മെറ്റിൽ ഇളകി. റോഡുകളുടെ നവീകരണത്തിന് നിലവിൽ വരെ ഫണ്ട് വകയിരുത്തിയിട്ടില്ല.

പാറത്തോട് പഞ്ചായത്തിലെ 18–ാം വാർഡിലെ പൊടിമറ്റം- അഞ്ചലവ് – തെക്കുംതല റോഡും തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനരുദ്ധാരണത്തിന് നടപടിയായിട്ടില്ല. പഞ്ചായത്തിലെ തന്നെ 16,18 വാർഡുകളിലൂടെ കടന്ന് പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ആനക്കല്ല്- പൊടിമറ്റം റോഡിലെ ടാറിങ് തകർന്നു തുടങ്ങി.