വേനലില്‍ ഉണങ്ങി നാട്

പൊൻകുന്നം ∙ മഴ പെയ്തിട്ട് മാസങ്ങളായി. പകലും രാത്രിയുമെന്ന ഭേദമില്ലാതെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ചൂട് 40 ഡിഗ്രി സെൽഷ്യസിൽ. ജലസ്രോതസ്സുകൾ വറ്റിവരണ്ട് കുടിവെള്ളം പോലുമില്ലാതെയായി. പച്ചപ്പുകൾ കരിഞ്ഞുണങ്ങി. കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനങ്ങൾ. ജലവകുപ്പിന്റെ കുടിവെള്ള വിതരണം കാര്യക്ഷമമാകാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. മിക്കയിടത്തും പഴയ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് ജലവകുപ്പിന് തലവേദനയാകുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ‘പരീക്ഷണമാകുന്നു’.

∙ ആഴമുള്ള കിണറുകളും കുഴൽ കിണറുകളും വറ്റി

ആഴമുള്ള കിണറുകളും കുഴൽ കിണറുകളും വറ്റിവരണ്ടു. താഴ്ന്ന പ്രദേശങ്ങളിലെ ജലസമൃദ്ധമായ കിണറുകളിൽ നിന്നും കുളങ്ങളിൽനിന്നുമാണ് സ്വകാര്യ കടിവെള്ള വിതരണക്കാർ വെള്ളം ശേഖരിക്കുന്നത്. വെള്ളത്തിന് ആവശ്യക്കാർ ഏറിയതോടെ ഒരാഴ്ച വരെ താമസിച്ചാണ് മിക്കവർക്കും വെള്ളം കിട്ടുന്നത്. സമീപത്തുള്ള കിണറുകളിലെ ജലനിരപ്പ് താഴുന്നെന്ന് ആരോപിച്ച് കുടിവെള്ള ഏജൻസികളെ വെള്ളമെടുക്കാൻ ചിലയിടങ്ങളിൽ അനുവദിക്കുന്നില്ല. കുന്നിൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തലച്ചുമടായി മാത്രമാണ് വെള്ളം കിട്ടുന്നത്. മറ്റ് ജോലികൾ മാറ്റിവച്ചാണ് മിക്കവരും വെള്ളം തേടി പോകുന്നത്.

∙ ഉൽപാദനമില്ലാതെ റബർ

മലയോരമേഖലയുടെ നട്ടെല്ലായ റബറിന്റെ ഉൽപാദനം വേനൽ കടുത്തതോടെ നാലിലൊന്നായി കുറഞ്ഞു. വിലയിടിവിനൊപ്പം ഉൽപാദനത്തിലെ കുറവും കൂടിയായപ്പോൾ കർഷകരുടെ നട്ടെല്ലൊടിച്ചു. സ്വാഭാവിക ഇലപൊഴിച്ചിലിൽ ടാപ്പിങ് നിർത്തിയവർ പിന്നീട് തുടങ്ങിയിട്ടില്ല. ടാപ്പു ചെയ്താൽ പാൽവീഴ്ച തീരെയില്ലെന്ന് കർഷകർ പറയുന്നു.

ഒന്നും രണ്ടും വർഷം പ്രായമായ റബർ തൈകളുടെ പരിപാലനവും പ്രതിസന്ധിയിലാണ്. മിക്കയിടത്തും തൈകൾ ഉണക്കു ഭീഷണിയിലാണ്. പച്ചപ്പുല്ല് കിട്ടാതെവന്നതോടെ മിക്കവരും കന്നുകാലികളെ വിൽക്കുകയാണ്. അമിത വിലയ്ക്ക് കാലിത്തീറ്റവാങ്ങി കന്നുകാലികളെ പരിപാലിക്കാൻ കഴിയുന്നില്ലെന്നു കർഷകർ പറയുന്നു. ഒരു പശുവിന് അഞ്ചു കിലോയിലധികം കാലിത്തീറ്റ ദിവസേന നൽകേണ്ടതുണ്ട്. കാലിത്തീറ്റയ്ക്കും 24 രൂപയോളമാണ് വില.

പാൽ ഉൽപാദനവും കുറഞ്ഞതായി കർഷകർ പറയുന്നു. മേഖലയിലുള്ളവരുടെ കൽപ്പവൃക്ഷമായ ജാതികൾ വെള്ളം ലഭിക്കാതെ വന്നതോടെ ഉണങ്ങുന്നു. കുടിക്കാൻ വെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ ജാതിക്ക് എങ്ങനെ വെള്ളമൊഴിക്കുമെന്നാണിവർ ചോദിക്കുന്നത്. മേഖലയിൽ റബറിന്റെ പ്രധാന ഇടവിളയായ കൈതകൃഷിയും ഉണക്ക് ഭീഷണി നേരിടുകയാണ്. മഴ പെയ്യാതെവന്നതോടെ ചപ്പ് വെട്ടിയെടുത്ത് കൈതച്ചെടികൾക്ക് മുകളിൽ നിരത്തി വേനലിനെ ചെറുക്കുകയാണ് കർഷകർ.

∙ നിർമാണ മേഖലയിലും പ്രതിസന്ധി

കുടിവെള്ളം പോലും കിട്ടാതെവന്നതോടെ വെള്ളത്തിന്റെ അഭാവത്താൽ നിർമാണ മേഖലയും പ്രതിസന്ധിയിലാണ്. കോൺക്രീറ്റിങ്ങിനും മറ്റും ധാരാളം വെള്ളം വേണ്ടതാണ്. തോടുകളിൽനിന്ന് പോലും വെള്ളം കിട്ടുന്നില്ലെന്ന് കരാറുകാർ പറയുന്നു. ആറുകളിലും തോടുകളിലും കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുന്നു. ആറുകളിലെ കയങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് കുളിക്കാനും തുണിയലക്കാനും ഉപയോഗിക്കുന്നത്.

ദിവസങ്ങൾ കഴിയുന്തോറും വെള്ളം മലിനമായിക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടിയതോടെ ചിക്കൻ പോക്‌സും ത്വക്‌രോഗങ്ങളും മേഖലയിൽ വ്യാപകമാണ്. വെയിലേൽക്കുന്ന ശരീരഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമായി വിവിധ തരത്തിലാണ് ത്വക് രോഗങ്ങൾ പടരുന്നത്. ഉണക്ക് നീണ്ടുനിന്നാൽ നടുതല കൃഷിയും പ്രതിസന്ധിയിലാകും. വാഴ, കപ്പ ആവർത്തന കൃഷിയും നീണ്ടുപോകുമെന്ന് കർഷകർ പറയുന്നു. നിലം ഒരുക്കി മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകർ.