വേനല്‍മഴ തകർക്കുന്നു…കാര്‍ഷിക മേഖലയ്ക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമാണു ഈ മഴ

പ്രവചനങ്ങളെ അട്ടിമറിച്ചാണ് കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോള്‍ വേനല്‍മഴ തകര്‍ത്തുപെയ്‌യുന്നത്. കടുത്ത വേനലാണു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഇടിയോടുകൂടിയ മഴയാണ്.

വേനല്‍മഴ കാര്‍ഷിക മേഖലയ്ക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമാണെന്നാണു കര്‍ഷകരുടെ അഭിപ്രായം. വളപ്രയോഗം നടത്തിയ കൃഷിയിടങ്ങളില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നതിനാല്‍ അടുത്ത വര്‍ഷം ഉല്‍പാദനം കുറയം. രോഗബാധയ്‌ക്കെതിരെയുള്ള വളപ്രയോഗം ഈ കാലയളവില്‍ നടത്താനുമാവില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പു വേനല്‍മഴ കര്‍ഷകര്‍ക്കു പേടിസ്വപ്നംതന്നെയായിരുന്നുവെന്ന് പഴമക്കാരായ കര്‍ഷകര്‍ പറയുന്നു. വേനല്‍മഴയ്ക്കു ചില പേരുകള്‍ ഇവര്‍ നല്‍കിയിരുന്നു. ഇതിലൊന്നാണ് കല്ലുരുട്ടി. വലിയ കല്ലുകള്‍പോലും ഉരുട്ടിക്കൊണ്ടുവന്നു കൃഷിനാശമുണ്ടാക്കുന്ന വേനല്‍മഴയായിരുന്നു കല്ലുരുട്ടി.

മറ്റൊന്ന് കുറ്റിപറിക്കന്‍. ആറ്റരികത്തും തോട്ടരികത്തുമുള്ള ചെടികള്‍ ചുവടോടെ പിഴുതു കൊണ്ടുപോകുന്ന മഴയ്ക്കാണ് കര്‍ഷകര്‍ ഈ പേരു നല്‍കിയത്. എന്നാല്‍, ഇത്രയും കനത്ത വേനല്‍മഴ ഇപ്പോള്‍ പതിവലെ്ലന്നും ഇവര്‍ സൂചിപ്പിക്കുന്നു.

പതിവായി വേനല്‍മഴ ലഭിക്കുന്നതു കുംഭമാസത്തിലാണ്. ഈ സമയത്താണു കര്‍ഷകര്‍ പല ഭക്ഷ്യവിളകളും കൃഷിചെയ്‌യുന്നത്. കപ്പ, ചേന്പ്, ചേന, കാച്ചില്‍, നനകിഴങ്ങ് തുടങ്ങിയവ കൃഷിചെയ്‌യുന്നത് ഇക്കാലയളവിലാണ്. പ്രധാനമായും കപ്പയാണ് ഇപ്പോള്‍ കൃഷിചെയ്‌യുന്നത്. ഇത്തരത്തിലുള്ള വിളകള്‍ക്കു കുംഭത്തില്‍ കാര്യമായി മഴ ലഭിക്കാത്തതിനാല്‍ വേനല്‍മഴ അനുകൂലമാകും.

വാഴക്കര്‍ഷകരുടെ കാര്യമാണ് വേനല്‍മഴയുടെ സമയത്ത് ഏറെ കഷ്ടമാകുന്നത്. വേനല്‍മഴയോടൊപ്പം ശക്തമായ കാറ്റു വീശുന്നതാണു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. കെട്ടിനിര്‍ത്തിയാല്‍പോലും വാഴകള്‍ നിലംപൊത്തും. ഇത്തരത്തില്‍ ആയിരക്കണക്കിനു വാഴകള്‍ കാറ്റത്തു നിലംപൊത്തിയിട്ടുണ്ട്. വേനല്‍ക്കാലത്തു വാഴകളുടെ വേരുകള്‍ക്കു കാര്യമായ ശക്തിയുണ്ടാകാറിലെ്ലന്നു കര്‍ഷകര്‍ പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന മഴ വാഴകളെ വേരോടെ മറിച്ചുകളയാന്‍ ഇതാണു കാരണമെന്നും വാഴക്കര്‍ഷകര്‍ പറഞ്ഞു.

പാവലും പയറും കൃഷിചെയ്തിരിക്കുന്ന കര്‍ഷകരെയും വേനല്‍മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വാഴയോടൊപ്പം ഓണവിപണിയും മറ്റും മുന്‍നിര്‍ത്തി പയറും പാവലും പടവലവും കൃഷിചെയ്ത കര്‍ഷകരാണ് ഇവര്‍. ഇവ കൃഷിചെയ്തിരുന്ന പന്തലുകള്‍ കാറ്റില്‍ തകര്‍ന്നു. ഇതുകൂടാതെ വെള്ളം കെട്ടിനിന്നതുമൂലം പഴുപ്പു ബാധിച്ചും കൃഷിക്കു നാശനഷ്ടമുണ്ടായിട്ടുണ്ട്.

മഴമൂലം കൊക്കോക്കൃഷിക്കു വലിയ തോതില്‍ ഫംഗസ് ബാധയുണ്ടായി. പൊതുവേ ഫംഗസ് ബാധയും അണ്ണാന്‍പോലെയുള്ള ജീവികളുടെ ഉപദ്രവവുംമൂലം കൊക്കോക്കൃഷിയില്‍നിന്നുള്ള വരുമാനം കര്‍ഷകര്‍ക്കു കുറഞ്ഞിരുന്നു. ഇതിനിടെ വേനല്‍മഴകൂടി ശക്തിപ്രാപിച്ചതോടെ കൊക്കോ ഉല്‍പാദനം ഇനിയും താഴുമെന്നാണു കണക്കുകൂട്ടല്‍.

കുരുമുളകിനും കാപ്പിക്കും വേനല്‍മഴ അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നാണു കാര്‍ഷിക മേഖലയുടെ വിലയിരുത്തല്‍. കുരുമുളകുചെടികള്‍ തളിര്‍ത്തുതുടങ്ങിയതിനാല്‍ തിരിയിടാന്‍ അനുകൂല സാഹചര്യമൊരുങ്ങും. കാപ്പിക്കാകട്ടെ, പൂക്കള്‍ കരിഞ്ഞുപോയത് ഉല്‍പാദനത്തെ ബാധിക്കും. ഏതാനും ദിവസം മുന്‍പു പെയ്ത ചാറ്റല്‍മഴയില്‍ പൂക്കള്‍ ഉണ്ടായെങ്കിലും പിന്നീടു വേനല്‍ കടുത്തതോടെ ഇവ കരിഞ്ഞു.

മഴയില്‍ ഇലപൊഴിച്ചിലുണ്ടായതു ജാതിക്കൃഷിയെ ബാധിക്കും. സുഗന്ധവ്യഞ്ജനവിളയായ ഏലത്തിനാണ് വേനല്‍മഴ ഏറ്റവും കൂടുതല്‍ ഗുണകരമായിരിക്കുന്നത്. കടുത്ത വേനലില്‍ കരിഞ്ഞുണങ്ങി നിന്നിരുന്ന ഏലചെ്ചടികള്‍ പലതും വേനല്‍മഴയെത്തുടര്‍ന്ന് ഉണര്‍ന്നെണീറ്റു. മഴയുടെ ലഭ്യതക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഏലംകൃഷിയെയാണ്.