വേനൽ പിടിമുറുക്കുന്നു; ജലനിരപ്പ് താഴ്ന്നുതുടങ്ങി

കാഞ്ഞിരപ്പള്ളി : വേനൽ കടുത്തതോടെ ശുദ്ധജല സ്രോതസ്സുകളിലെ ജലനിരപ്പ് ആശങ്ക പരത്തി താഴ്ന്നുതുടങ്ങി. പകലത്തെ ചൂടും രാത്രിയിലത്തെ തണുപ്പും വരാനിരിക്കുന്ന കൊടുംവരൾച്ചയുടെ സൂചനയെന്നു പഴമക്കാർ. ഇക്കുറിയും പതിവുപോലെ ശുദ്ധജലക്ഷാമം രൂക്ഷമാകാനാണു സാധ്യത. ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലനിരപ്പു താഴ്ന്നതോടെ ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണർ വെള്ളം ഉടമസ്ഥനു മാത്രമായി നിജപ്പെടുത്തുകയാണു പലരും.

കാലവർഷം 47 സെ.മീറ്ററും തുലാവർഷം 35 സെ.മീറ്ററും കൂടുതൽ കിട്ടിയെന്നത് ആശ്വാസം തന്നെ. മേഖലയിൽ സ്വകാര്യ റബർ എസ്റ്റേറ്റിലെ മെട്രോളജിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം കാലവർഷവും തുലാവർഷവും ആവശ്യത്തിലേറെ ലഭിച്ചു. 189.73 സെ.മീ. മഴ കിട്ടേണ്ടിയിരുന്നിടത്ത് 237.09 സെ.മീ. മഴ കിട്ടി. തുലാവർഷം 53.51 സെ.മീ. ലഭിക്കേണ്ടിയിരുന്നിടത്ത് 88.56 സെ.മീ. ലഭിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം 42.80 സെ.മീ. മഴ കിട്ടിയിരുന്നു.

മഴ ആവശ്യത്തിലേറെ; സംഭരിക്കാൻ സംവിധാനമില്ല

∙ കാലവർഷവും തുലാവർഷവും ആവശ്യത്തിലേറെ ലഭിച്ചിട്ടും ശുദ്ധജല ക്ഷാമത്തിലേക്കു നയിക്കുന്നത് മഴവെള്ളം സംഭരിക്കാൻ സംവിധാനമില്ലാത്തതിനാലെന്നു വിദഗ്ധർ. പണ്ടുകാലങ്ങളിൽ പറമ്പുകളിൽ കയ്യാലകൾ ഏറെയുണ്ടായിരുന്നു. കൃഷിയിടങ്ങളിൽ കൈതക്കൃഷി വ്യാപകമായപ്പോൾ കയ്യാലയ്ക്കു പകരം മുള്ളുവേലികൾ സജീവമായതോടെ മഴവെള്ളം മണ്ണിൽ താഴാതെ ഒഴുകിപ്പോകുകയാണ്. പുതിയ വീടുകളും കെട്ടിടങ്ങളും നിർമിക്കുമ്പോൾ മഴവെള്ളസംഭരണി കൂടി നിർമിക്കണമെന്ന നിർദേശം ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്.

കരിമ്പുകയം പദ്ധതി ഇഴയുന്നു

∙ ജല അതോറിറ്റിയുടെ കരിമ്പുകയം ശുദ്ധജലവിതരണ പദ്ധതിയിലൂടെ വെള്ളം കിട്ടുമെന്ന പ്രതീക്ഷ ഇത്തവണയും അസ്ഥാനത്താണെന്നു നാട്ടുകാർ. ഒൻപതുവർഷം മുൻപ് ആരംഭിച്ച കോടികളുടെ നവീകരണ ജോലികൾ പൂർത്തിയാക്കി ശുദ്ധജല വിതരണം നേരാംവണ്ണം നടത്താൻ കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും മോട്ടാർ തകറിലാകും. പമ്പു ചെയ്യുന്ന വെള്ളത്തിൽ പാതിയും പൈപ്പുകൾ പൊട്ടി നഷ്ടപ്പെടുകയാണ്. പദ്ധതിയുടെ പേരുപറഞ്ഞു ഖജനാവിൽനിന്നു കോടികൾ മുടക്കിയിട്ടും ശുദ്ധജലം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാർ.

കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റുന്നില്ല

∙ വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച പഴകിയ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ ജല അതോറിറ്റി ഇതുവരെ നടപടി എത്തിട്ടില്ല. മണ്ണിനടിയിലൂടെയുള്ള ഇരുമ്പു പൈപ്പുകൾ മിക്കയിടത്തും തുരുമ്പെടുത്തു. ഡിവിഷൻ ഓഫിസിൽ നിന്ന് എസ്റ്റിമേറ്റുകൾ എടുത്തു മുറയ്ക്ക് അയയ്ക്കുന്നുണ്ടെങ്കിലും മറുപടി ലഭിക്കുന്നില്ലെന്നു ജീവനക്കാർ പറയുന്നു. സാധന സാമഗ്രികളുടെ അഭാവത്തിൽ അറ്റകുറ്റപ്പണികൾ പോലും വേണ്ടവിധം നടക്കുന്നില്ല.