വൈകിട്ട് സര്‍വീസ് അവസാനിപ്പിക്കുന്നു: മണിമല, തമ്പലക്കാട് റോഡില്‍ യാത്ര ദുരിതം

കാഞ്ഞിരപ്പള്ളി: ഗ്രാമപ്രദേശങ്ങളിലേയ്ക്കുള്ള രാത്രികാല സര്‍വീസുകള്‍ നിലയ്ക്കുന്നതായി പരാതി. യാത്രാ€േശം കൂടുതല്‍ കാഞ്ഞിരപ്പള്ളി മേഖലകളിലെ സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ നടത്താതെ വരുന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കാഞ്ഞിരപ്പള്ളി -മണിമല, കാഞ്ഞിരപ്പള്ളി -തമ്പലക്കാട് എന്നീ പ്രദേശങ്ങളിലേയ്ക്കുള്ള സ്വകാര്യ ബസ് സര്‍വീസുകളാണ് നിലയ്ക്കുന്നത്.

രാവിലെ മുതല്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ സന്ധ്യ ആകുന്നതോടെ ഇതു വഴിയുള്ള സര്‍വീസ് അവസാനിപ്പിക്കുയാണ് സ്വകാര്യ ബസുകള്‍. ഇതോടെ ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ ഏറെ ദുരിതത്തിലാകുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധി പേരാണ് ബസ് ഇല്ലാതാവുന്നതോടെ ബുദ്ധിമുട്ടുന്നത്. വ്യാപാരികളും എല്ലാ ദിവസവും ഓട്ടോറിക്ഷ വിളിച്ചു പോകുകയാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണിമല ഭാഗത്തേയ്ക്ക് രാത്രികാലങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ മറ്റു മാര്‍ഗങ്ങളില്ല. അവസരം മുതലെടുത്ത് ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുകയും ചെയ്യും. മണിമല റൂട്ടില്‍ പതിനഞ്ചോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും കെ. എസ്. ആര്‍. ടി. സിയുടെ സര്‍വീസ് ഇല്ല. മുന്‍പ് നടത്തിയിരുന്ന സര്‍വീസ് നിര്‍ത്തലാക്കുകയായിരുന്നു.

മണ്ണാറക്കയം, ചിറക്കടവ്, വാളക്കയം, പഴയിടം, ചെറുവള്ളി എന്നിവിടങ്ങളിലായി നൂറു കണക്കിന് യാത്രക്കാരാണുള്ളത്. തമ്പലക്കാട് റൂട്ടിലും ബസുകള്‍ കുറവാണ്. വൈകിട്ട് 7.15 നു ശേഷം തമ്പലക്കാട്ടേയ്ക്ക് ബസ് ഇല്ല. രാത്രികാലങ്ങളില്‍ സ്വകാര്യ ബസുകള്‍ ഇല്ലാതാകുന്നതോടെ വീടുകളില്‍ എത്തിച്ചേരാന്‍ നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. ചേനപ്പാടി, ഇഞ്ചിയാനി, ഇടക്കുന്നം എന്നീ മേഖലകളിലും സര്‍വീസ് രാത്രികാലങ്ങളില്‍ സര്‍വീസ് ഇല്ലാത്തത് ദുരിതമാണ്.