വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് ഇളങ്ങുളം

ഇളങ്ങുളം ∙ അടിക്കടിയുള്ള വൈദ്യുതിമുടക്കത്തിൽ വലഞ്ഞ് ഇളങ്ങുളം നിവാസികൾ. പകൽ മാത്രമല്ല രാത്രിയിലും വൈദ്യുതിയില്ലെന്നു നാട്ടുകാർ. പരാതിക്കായി കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചാൽ ഫോൺ എടുക്കാൻപോലും അധികൃതർ തയാറാകുന്നില്ലെന്നും ഫോണെടുത്താൽ ദിവസങ്ങളായി പെയ്യുന്ന വേനൽമഴയെ പഴിപറഞ്ഞു ജീവനക്കാർ തടിയൂരുകയാണെന്നും പ്രദേശവാസികൾ. ശക്തമായൊരു മിന്നലോ കാറ്റോ വന്നാൽ പിന്നെ ഏറെനേരം വൈദ്യുതി കണികാണാൻപോലും കിട്ടില്ലെന്നു വ്യാപാരികൾ.

ടൗണിലെ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് ഏറെക്കഴിഞ്ഞാലും ഗ്രാമാന്തരങ്ങളിൽ വൈദ്യുതി എത്തില്ലെന്നു നാട്ടുകാർ. പൊള്ളുന്ന ചൂടിൽ ചുട്ടുപഴുത്ത ജനങ്ങൾക്ക് ഇരുട്ടടിയാകുകയാണു വൈദ്യുതിമുടക്കം. മേഖലയിൽ വൈദ്യുതി മുടങ്ങുന്നതു മണിക്കൂറുകളോളമാണ്. പകലും രാത്രിയുമെന്നില്ലതെ മുടക്കത്തിൽ വലഞ്ഞ് നാട്ടുകാർ. ഇടയ്ക്കിടെ വന്നും പോയും ദിവസത്തിൽ ഭൂരിഭാഗം സമയവും വൈദ്യുതിയില്ലെന്നു നാട്ടുകാർ.

മിക്കയിടത്തും വൈദ്യുതിലൈനുകൾ കടന്നുപോകുന്നതു മരങ്ങൾക്കിടയിലൂടെയാണ് . ടച്ചുവെട്ടുകൾ വഴിപാടുകളായതോടെ മഴയോ കാറ്റോ വന്നാൽ പിന്നെ വൈദ്യുതി പോയപോക്കാണ്. മുടക്കത്തിനിടയിൽ വോൾട്ടേജ്ക്ഷാമംകൂടിയാകുമ്പോൾ ദുരിതം ഏറുന്നു. വൈദ്യുതിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി തുടർച്ചയായി നടത്താൻ കഴിയാത്ത അവസ്ഥയാണ്.

കൃത്യതയില്ലതെ പോകുന്ന വൈദ്യുതി അന‌വധി പേരുടെ പണി മുടക്കിയും വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്നു. കൃത്യതയില്ലാത്ത വൈദ്യുതിമുടക്കത്തിനും നിയന്ത്രണത്തിനും എതിരെ പ്രതിഷേധം ശക്തമാണ്.

നെറ്റ് കഫേകൾ, സ്റ്റുഡിയോകൾ, കോൾഡ് സ്റ്റോറേജുകൾ, കൂൾബാറുകൾ, വർക്ക്ഷോപ്പുകൾ, വെൽഡിങ്, ലെയ്ത്ത് വർക്ക് ഷോപ്പുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണവും വോൾട്ടേജ്ക്ഷാമവും മൂലം പകലും രാത്രിയിലും പമ്പിങ് നടക്കാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ ഉൾപ്പെടെയുള്ള ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലാണ്.