വൈദ്യുതി കണികാണാൻ കൊതിച്ച് മണിമല സെക്‌ഷനിലെ ഉപയോക്താക്കൾ

പൊൻകുന്നം∙ മണിമല വൈദ്യുതി സെക്‌ഷനിലേക്കു മാറ്റിയ വാളക്കയം, ചെറുവള്ളി, പഴയിടം പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവെന്നു നാട്ടുകാർ. വേനൽമഴ തുടങ്ങിയതോടെ വൈദ്യുതി കണികാണാൻ പോലുമില്ലെന്ന അവസ്ഥയിലാണ്. പരാതി പറയാൻ മണിമല വൈദ്യുതി ഓഫിസിൽ വിളിച്ചാൽ ഫോൺ എടുക്കുന്നു പോലുമില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

പകൽ പോലും വൈദ്യുതി ഇല്ലാതായതോടെ വീട്ടമ്മമാർ ഏറെ പ്രതിസന്ധിയിലായി. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന അവസ്ഥയുമുണ്ട്. വയോധികർ മാത്രം താമസിക്കുന്ന വീടുകളിൽ കിണർവെള്ളം പമ്പിങ് നടത്താനാകാത്തതു ദുരിതമാകുന്നു. മൊബൈൽ ചാർജ് ചെയ്യാൻ കഴിയാതെ വന്നതോടെ മിക്കവരുടെയും ഫോണുകൾ ദിവസങ്ങളായി പ്രവർത്തനരഹിതമാണ്.

നേരത്തേ പൊൻകുന്നം സെക്‌ഷൻ പരിധിയിലായിരുന്നപ്പോൾ വിളച്ചറിയിക്കുന്നതിന് അനുസരിച്ച് അറ്റകുറ്റപ്പണികൾക്കു ജീവനക്കാർ ഓടിയെത്തുമായിരുന്നെന്നും മികച്ച സേവനം നൽകിയിരുന്ന പൊൻകുന്നം വൈദ്യുതി സെക്‌ഷൻ പരിധിയിൽ തങ്ങളെ നിലനിർത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മുൻപ് ഉണ്ടാകാത്ത തരത്തിൽ വൈദ്യുതി മുടക്കം പതിവായതിനും സേവനം നൽകുന്നതിൽ കാലതാമസം വരുത്തുന്നതിനും എതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ഒരു കാറ്റടിച്ചാൽ മേഖലയിലെ വൈദ്യുതി മുടങ്ങുമെന്നു നാട്ടുകാർ. വൈദ്യുതി ലൈനുകൾക്ക് ഇരുവശത്തും മരങ്ങൾ വളർന്നുനിൽക്കുന്നത് ഒടിഞ്ഞുവീഴുന്നതാണ് വൈദ്യുതി തടസ്സത്തിനു പ്രധാന കാരണം. ഇല പൊഴിഞ്ഞ് തളിർത്തതോടെ റബർമരങ്ങളിൽ മഴത്തുള്ളികൾ തങ്ങിനിന്നു ഭാരം താങ്ങാനാവാതെ കാറ്റത്ത് ഒടിഞ്ഞുവീഴുകയാണ്. വൈകുന്നേരങ്ങളിൽ വൈദ്യുതി ലൈനുകളിൽ വീഴുന്ന മരങ്ങൾ വെട്ടിമാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചാലും വീണ്ടും ഉണ്ടാകുന്ന മഴയിൽ മരങ്ങൾ ഒടിഞ്ഞു ലൈനിൽ വീഴുന്നതിനാൽ വൈദ്യുതി ബന്ധം നിലനിർത്താനാകുന്നില്ലെന്ന് കെഎസ്ഇബി കരാർ ജോലിക്കാർ പറയുന്നു.

മേഖലയിലെ എല്ലാ സെക്‌ഷൻ പരിധിയിലുള്ള പ്രദേശങ്ങളും മുൻ തീരുമാന പ്രകാരം ജോലികൾ നടത്തുന്നതിനുള്ള സൗകര്യത്തിനായി പുനഃസംഘടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് നിർദിഷ്ട പ്രദേശങ്ങൾ സെക്‌ഷൻ പരിധി മാറിയതെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. മേഖലയിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.