വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി സബ് സ്റ്റേഷൻ ഉദ്ഘാടനം 10ന്

എരുമേലി ∙ കിഴക്കൻ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന കനകപ്പലം 110 കെവി സബ്സ്റ്റേഷൻ ഉദ്ഘാടനം 10നു വൈകിട്ട് 4.30നു മന്ത്രി എം.എം. മണി നിർവഹിക്കും. പി.സി. ജോർജ് എംഎൽഎ അധ്യക്ഷത വഹിക്കും. സബ്സ്റ്റേഷൻ യാഥാർഥ്യമാവുന്നത് ഒരു വ്യാഴവട്ടത്തിലധികം നീണ്ട കേസിന്റെയും മറ്റു നൂലാമാലകൾക്കും ശേഷം.

ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ 13 വർഷം മുൻപാണ് എരുമേലി കനകപ്പലത്ത് സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം നടത്തിയത്. കവലയോടു ചേർന്നു മൂന്ന് ഏക്കർ സ്ഥലമാണ് അന്നു വിലയ്ക്കെടുത്തത്. എന്നാൽ ലൈൻ കടന്നുപോകുന്ന വഴികൾ സംബന്ധിച്ചു വിവിധ കേസുകൾ വന്നതോടെ പണികൾ അനിശ്ചിതമായി നീണ്ടു. എന്നാൽ കനകപ്പലത്ത് യാർഡിൽ പണികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു.

പിന്നീടു രണ്ടുവർഷം മുൻപു കേസുകൾ എല്ലാം അവസാനിച്ചതോടെ പണി പൂർത്തിയാക്കാനായി. വർഷങ്ങൾ നീണ്ടതോടെ പദ്ധതി തുകയും കൂടി. നിലവിൽ 18.5 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സബ്സ്റ്റേഷനിൽ നിന്നാണ് 11.8 കിലോമീറ്റർ ദൂരത്തിൽ ലൈൻ വലിച്ചിരിക്കുന്നത്. മൊത്തം 35 ടവറുകളുണ്ട്. 110 കെവിയുടെ രണ്ട് ലൈനുകൾ സംയോജിപ്പിക്കാനുള്ള സംവിധാനമാണ് കനകപ്പലത്ത് ക്രമീകരിച്ചിരിക്കുന്നത്.

അതിനാൽ മണ്ണാറക്കയത്തിനു പുറമെ മുണ്ടക്കയം സബ്സ്റ്റേഷൻ പണി പൂർത്തിയാവുന്ന മുറയ്ക്ക് അവിടെനിന്നും വൈദ്യുതി ലഭ്യമാക്കാനാവും. 12 എംവിഎ ശേഷിയുള്ള രണ്ടു ട്രാൻസ്ഫോമറുകൾ യാർഡിലുണ്ട്. കനകപ്പലത്തുനിന്ന് എരുമേലി, വെച്ചൂച്ചിറ, കാഞ്ഞിരപ്പള്ളി, പാറത്തോട്, റാന്നി, പെരുനാട്, മുണ്ടക്കയം പഞ്ചായത്തുകളിൽ വൈദ്യുതി എത്തും.

എരുമേലി ∙ കനകപ്പലം സബ്സ്റ്റേഷൻ പണി പൂർത്തിയാവുന്നതോടെ കിഴക്കൻ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കു പൂർണ പരിഹാരമാവുമെന്നു പി.സി. ജോർജ് എംഎൽഎ. ചിലരുടെ ഹിതകരമല്ലാത്ത ഇടപെടലാണ് സബ്സ്റ്റേഷൻ നിർമാണ പ്രവർത്തനം വൈകിച്ചതെന്നും അദ്ദേഹം പറഞ്ഞു.