വൈദ്യുതി മുടക്കം വലയ്ക്കുന്നു

കാഞ്ഞിരപ്പള്ളി ∙ വൈദ്യുതി മുടക്കം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു വിദ്യാർഥികളെയും വലയ്ക്കുന്നു. പ്ലസ്ടു പ്രവേശനത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഇന്റർനെറ്റ് കഫേകളിൽ എത്തുന്നവർ ഏറെ നേരം കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു കഫേകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

തുടർച്ചയായുള്ള വൈദ്യുതി മുടക്കം മൂലം ഓൺലൈൻ വഴിയുള്ള റജിസ്‌ട്രേഷൻ വൈകുന്നതായി ആരോപണമുണ്ട്. വൈദ്യുതി മുടക്കം ഇതര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലുംനിന്നു സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടവരും ഓൺലൈനിലൂടെ വേണം അപേക്ഷ നൽകാൻ. വൈദ്യുതി മുടക്കം ഇത്തരം ആവശ്യക്കാരെ നിരാശരാക്കുകയാണ്.