വൈദ്യുതി ലൈനുകൾ ഏരിയൽ ബഞ്ചഡ് സിസ്റ്റത്തിലേക്ക് മാറ്റുന്നത് അന്തിമഘട്ടത്തിൽ

കാഞ്ഞിരപ്പള്ളി∙ ടൗണിൽ വൈദ്യുതി ലൈനുകൾ ഏരിയൽ ബഞ്ചഡ് കേബിൾ സിസ്റ്റത്തിേലേക്ക് മാറ്റുന്ന ജോലികൾ അന്തിമഘട്ടത്തിൽ. ‍ 6.8 കിലോമീറ്റർ ദുരം ഏരിയൽ ബഞ്ച്ഡ് കേബിൾ സ്ഥാപിക്കുന്നതിന് 1.60 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. നവംബർ അവസാന വാരം ആരംഭിച്ച ജോലികളാണ് ജൂൺ പകുതിയോടെ പൂർത്തിയാകാൻ പോകുന്നത്.

സബ് സ്റ്റേഷനു കീഴിലെ പ്രത്യേക ഫീഡറിൽ നിന്നും ടൗണിലും സമീപപ്രദേശത്തുമായി സ്ഥാപിച്ചിരിക്കുന്ന 34 ട്രാൻസ്ഫോർമറുകളിലേക്ക് ഏരിയൽ ബഞ്ച്ഡ് കേബിളുകൾ വലിച്ചു കഴിഞ്ഞു. വൈദ്യുതി എത്തിക്കുന്ന ജോലികളാണ് പൂർത്തിയായി വരുന്നത്.

കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷൻ മുതൽ 26-ാം മൈൽ ചെക്ക് ഡാം വരെയുള്ള ഭാഗത്തെ ട്രാൻസ്ഫോർമറുകളിലേക്കാണ് കേബിൾ വലിച്ചിരിക്കുന്നത്. 34 ട്രാൻസ്ഫോർമറുകളിൽ 18 ട്രാൻസ്ഫോർമറുകളിൽ ഇതുവരെ എബിസി മുഖേന ലോഡ് ചെയ്തു. നിലവിലുള്ള വൈദ്യുതി ലൈനുകളെ അപേക്ഷിച്ച്, ഏരിയൽ ബഞ്ച്ഡ് കേബിൾ വഴിയുള്ള വൈദ്യുതി വിതരണത്തിൽ വൈദ്യുതി തടസ്സങ്ങൾക്കും, തകരാറുകൾക്കും, അപകടങ്ങൾക്കുമുള്ള സാധ്യത കുറവാണെന്ന് അധികൃതർ പറയുന്നു.

വൈദ്യുതി ലൈനുകൾ എബിസി വഴിയാകുന്നതോടെ മരച്ചില്ലകളും മറ്റും ലൈനുകളിൽ മുട്ടിയുണ്ടാകുന്ന വൈദ്യുതി തടസത്തിന് സാധ്യത കുറയും. വൈദ്യുതി പ്രവഹിക്കുന്ന കേബിൾ ആവരണം ചെയ്യപ്പെട്ടതിനാൽ‍ അപകട സാധ്യകളും കുറയും, വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനുള്ള സാധ്യതയും കുറയും.

മണ്ണാർക്കയം, ഹൗസിങ് ബോർഡ് ഹൗസിങ് കോളനി, കുരിശുങ്കൽ,ഏലഗൻസ്,കാനറാ ബാങ്ക്,ബിഎസ്എൻഎൽ, കടമപ്പുഴ,എസ്.ഡി.സ്കൂൾ, ജെസ്യൂട്ട്, എസ്ബിഎെ, സിവിൽ സ്റ്റേഷൻ, ടൗൺ നമ്പർ, 1, 2, ഹിൽടോപ്പ്, പാസ്റ്ററൽ സെന്റർ, പുൽപ്പേൽ, ചെമ്മണ്ണൂർ, അലൻഹാബർ, പേട്ടറോഡ് , പേട്ട വാർഡ്, കെഎംഎ, ബിർളാ കോളനി, ആനത്താനം റോഡ്, ആക്സിസ് ബാങ്ക്, പേട്ട സ്കൂൾ -1,2, റാണി ആശുപത്രിപ്പടി, ഫാബീസ് ,പൂതക്കുഴി ചെക്ക് ഡാം എന്നീ ഭാഗങ്ങളിലെ ട്രാൻസ്ഫോർമറുകളിലേക്കാണ് ഏബിസി വലിച്ചിരിക്കുന്നത്.