വൈദ്യുതി ലൈൻ പൊട്ടിവീണു: വീട്ടുകാർ ഇരുട്ടിൽ

മുക്കൂട്ടുതറ∙ ഒരു വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് നൂറുകണക്കിന് വീട്ടുകാർ ഇരുട്ടിലായി. തലയിണത്തടം, അരുവച്ചാംകുഴി, പനയ്ക്കവയൽ മേഖലകളിലെ ഉപഭോക്താക്കളാണ് കെഎസ്ഇബിയുടെ നിരുത്തരവാദിത്തം മൂലം വലഞ്ഞത്. ലൈൻ മരം വീണാണ് തകർന്നത്. ഇതേത്തുടർന്ന് മേഖലയിലേക്കുള്ള വിതരണം പൂർണമായി തടസ്സപ്പെടുത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുറച്ച് വീട്ടുകാർക്കു മാത്രം വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാവുന്ന സാഹചര്യമുണ്ടായിട്ടും മൊത്തത്തിൽ ലൈൻ ഓഫ് ചെയ്യുകയായിരുന്നെന്നാണ് പരാതി. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചപ്പോഴാവട്ടെ ‘ഇപ്പം ശര്യാക്കിത്തരാം’ എന്ന മറുപടി ലഭിച്ചു. എന്നാൽ 20 മണിക്കൂർ വൈകിയാണ് വൈദ്യുതി എത്തിയത്. രാത്രിയിൽ കടുത്ത ചൂടും ആവിയും മൂലം ജനം വിയർത്തുകുളിച്ചു.