വൈനും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി

മദ്യ നിരോധനമാണ് ലക്ഷ്യമെങ്കില്‍ ബ്രാന്‍ഡിയും വിസ്‌കിയും മാത്രമല്ല, വൈനും നിരോധിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ പള്ളിമേടകളില്‍ വൈന്‍ ഉപയോഗിക്കുന്നത് തടയണമെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എന്തായാലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മദ്യനയത്തില്‍ ഗോളടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനല്ല. മുഖ്യമന്ത്രിയുടെ ഗോള്‍ ഫൗളാണോയെന്ന് കാലം തെളിയിക്കുമെന്നും വെള്ളപ്പള്ളി പറഞ്ഞു.

യു.ഡി.എഫ് നയമാണ് പുറത്ത് വന്നിരിക്കുന്നത്. കെ.എം മാണി അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ സംസ്ഥാനത്ത് 312 ബാറുകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത് ചിലരുടെ താത്പര്യ പ്രകാരമാണ്. മദ്യം മാത്രമാണോ സമൂഹം നേരിടുന്ന പ്രശ്‌നം. കേരളത്തില്‍ കഞ്ചാവും, വാറ്റു ചാരായവുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ട്. ബ്രാന്‍ഡിയും വിസ്‌ക്കിയും മാത്രമാണ് പ്രശ്‌നമെന്ന നിലയിലാണ് സര്‍ക്കാരിന്റെ നിലപാട്. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍ നിലപാടിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.