വൈറൽ‌ പനിയും ഡെങ്കിയും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിൽ വൈറൽ പനിയും ഡെങ്കിപ്പനിയും പടരുന്നു. രോഗപ്രതിരോധത്തിന് അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് രണ്ടു മുതൽ ഇന്നലെവരെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയവരിൽ 29 പേർക്കു ഡെങ്കിപ്പനി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയാണു ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതു കൂടാതെ ഇന്നലെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ എരുമേലി സ്വദേശിക്ക് എലിപ്പനി ബാധിച്ചതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാറത്തോട്ടിൽനിന്നു ചികിൽസ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിക്കു മലേറിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു.

വൈറൽ പനി ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചുവരികയാണ്. ഇന്നലെ ജനറൽ ആശുപത്രിയിലെ ഒപി വിഭാഗത്തിൽ ചികിൽസ തേടിയെത്തിയ 793 പേരിൽ കൂടുതൽ പേരും പനിബാധിച്ചവരായിരുന്നു. ആശുപത്രിയിലെ എെപി വിഭാഗത്തിൽ ചികിൽസ തേടിയിരിക്കുന്നവരിൽ ഏറെയും പനി ബാധിതരാണ്. പകൽ ഒപി വിഭാഗത്തിലെത്തുന്നതു കൂടാതെ ഉച്ചകഴിഞ്ഞും രാത്രിയിലും പനി ബാധിച്ച് അവശരായി ചികിൽസ തേടി നൂറുകണക്കിനാളുകളാണ് എത്തുന്നത്.

മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിനാളുകൾ ദിനംപ്രതി ചികിൽസ തേടി എത്തുന്നുണ്ട്. 26–ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ നിലവിൽ 25 പേർ ഡെങ്കിപ്പനി ബാധിച്ചു ചികിൽസയിലുണ്ട്. വീടിന്റെ പരിസരത്തും പറമ്പുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുന്ന ഈഡിസ് ഈജിപ്റ്റി കൊതുകുകളാണു ഡെങ്കിപ്പനി പടർത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതിനാൽ ഇവയെ നിർമാർജനം ചെയ്യാൻ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

വീട്ടിലും പരിസരത്തും ശുചിത്വം ഉറപ്പുവരുത്തണം. ഉപയോഗശൂന്യമായ പാത്രങ്ങളും മറ്റു വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയരുത്. കാരണം അതിൽ വെള്ളം കെട്ടിക്കിടക്കാനും കൊതുകുകൾ പെരുകാനും സാധ്യതയേറെയാണ്. വീടുകളിൽ റഫ്രിജറേറ്റിനു പിൻവശത്തെ ട്രേ, ടെറസ്, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകൾ, തുടങ്ങിയ സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈഡിസ് കൊതുകുകൾ ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

റബർതോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തിവയ്ക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഒരാഴ്ച വെള്ളം കെട്ടിക്കിടന്നാൽ അതിൽ കൊതുകുകൾ പെറ്റുപെരുകുമെന്നും അതിനാൽ ഇവയുടെ നിർമാർജനത്തിനു കർശനശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.