വൈസ് ചാന്‍സലര്‍ പ്രശ്നം: സംശയം ദൂരീകരിക്കണം- പി.സി. ജോര്‍ജ്

കോട്ടയം: വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ നിയമിതരായ സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍മാരില്‍ യോഗ്യതയില്ലാത്തവര്‍ എന്നിങ്ങനെ ഇനിയും തുടരുന്നുണ്േടായെന്ന സംശയം പൊതുസമൂഹത്തിനുണ്െടന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്.

നാണംകെട്ട രാഷ്ട്രീയ കളികളുടെ ഇരയായിട്ടാണ് ഡോ. എ.വി. ജോര്‍ജിന് എംജി സര്‍വകലാശാല വിസി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടിവന്നതെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിതരായിട്ടുള്ള മുഴുവന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രോ വൈസ് ചാന്‍സലര്‍മാര്‍ക്കും തുടര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള യോഗ്യതയുണ്േടായെന്ന ഉന്നതതല അന്വേഷണം അനിവാര്യമാണ്.

ഇതിനായി ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ അടങ്ങുന്ന ഒരു അന്വേഷണ സമിതിയെ യുഡിഎഫ് നേതൃത്വം അടിയന്തരമായി നിയോഗിക്കണം. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ഇടപെടലുകളുടെയും മാന്യതയ്ക്ക് നിരക്കാത്ത രാഷ്ട്രീയ കീഴടങ്ങലുകളുടെയും വേദിയാക്കി വിദ്യാഭ്യാസ മേഖലയെ അപഹാസ്യമാക്കുന്ന പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാവണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.