വോട്ടര്‍പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ജയില്‍ശിക്ഷ

വോട്ടര്‍പട്ടികയില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശ.

ഒന്നിലധികം സ്ഥലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക സുതാര്യമാക്കുന്നതിന്റെ ഭാഗമായി കമ്മീഷന്‍ മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വോട്ടര്‍മാരെ ഒരു വര്‍ഷം വരെ കഠിനതടവിന് ശിക്ഷിക്കാനാണ് ശുപാര്‍ശ.

ഒരിടത്തു പേരുചേര്‍ത്താല്‍ വോട്ടറുടെ അറിവില്ലാതെ അവരുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യരുത്. വോട്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് പരിശോധിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സ്ഥാപിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേടു നടക്കുന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിന് മൂന്നു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായും കമ്മീഷന്‍ കണ്െടത്തിയിരുന്നു.