വോട്ടറെ ബൂത്തിലെത്തിക്കാൻ കമ്മിഷന്റെ വോട്ടോട്ടം; പക്ഷേ പോർട്ടൽ നിലച്ച മട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങി. വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ഒട്ടേറെ പദ്ധതികളാണ് ഒരുക്കിയത്. സാങ്കേതികവിദ്യയുടെ പിന്തുണയാണ് ഈ തിരഞ്ഞെടുപ്പിന്റെ ‘ഹൈലൈറ്റ്’ഓൺലൈൻ വഴി മാത്രമേ ഇക്കുറി പട്ടികയിൽ പേര് ചേർക്കാനാവൂ. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മിഷൻ എൻഎസ്‌വിപി പോർട്ടൽ ദിവസങ്ങളായി ഏതാണ്ട് നിലച്ച അവസ്ഥയാണ്.

അക്ഷയ കേന്ദ്രങ്ങളിലും പട്ടികയിൽ പേരു ചേർക്കാമെന്നു പറയുന്നുണ്ടെങ്കിലും ഇവിടെയും പോർട്ടൽ ലഭ്യമല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ജില്ലയിൽ വിവിധയിടങ്ങളിൽ ആളുകൾ പോർട്ടലിൽ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും ‘താൽക്കാലികമായി സൗകര്യം ലഭ്യമല്ല’ എന്ന അറിയിപ്പാണു ലഭിക്കുന്നതെന്ന് വോട്ടർമാർ ആരോപിക്കുന്നു.

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി 25 ആണെങ്കിലും പോർട്ടൽ ലഭിക്കാത്തത് വ്യാപകമായ പരാതി ഉയർത്തുന്നുണ്ട്.പുതിയ വോട്ടർമാർ താമസസ്ഥലത്തു പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങളിൽ തിരുത്ത് വരുത്താനും ഈ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം എന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചിരുന്നു. ഇതിനുവേണ്ടി പോർട്ടലിൽ കയറിയവരെല്ലാം ഇതേ പരാതിയാണ് പറയുന്നത്.