വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ തെളിയാതെ വന്നതിനാൽ കാഞ്ഞിരപ്പള്ളി അസംബ്ളി മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലെ വോട്ടുകൾ എണ്ണിയില്ല

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും കാഞ്ഞിരപ്പള്ളി അസംബ്ളി മണ്ഡലത്തിലെ രണ്ടും തിരുവല്ല മണ്ഡലത്തിലെ ഒരു ബൂത്തും എണ്ണാനായില്ല. ഇവിടങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ തെളിയാതെ വന്നതാണ് കാരണമായത്.

ഈ ബൂത്തുകള്‍ കൂടി എണ്ണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വൈകുന്നേരംവരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്ഥാനാര്‍ഥികളും ഏജന്റുമാരുമായി ആലോചിച്ച്‌ ഈ വോട്ടുകള്‍ മാറ്റിവച്ച്‌ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാന്‍ ഇടയില്ലാത്തതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരത്തോടെ ജില്ലാ വരണാധികാരി വൈകുന്നേരത്തോടെയാണ് ഫലപ്രഖ്യാപനം നടത്തിയത്.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 68-ാം നമ്ബര്‍ ബൂത്തായ വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍കവല ബൂത്തിലെയും 92-ാം നമ്ബര്‍ ബൂത്തായ കറുകച്ചാല്‍ എന്‍എസ്‌എസ് ജിഎച്ച്‌എസിലെ ബൂത്തിലെയും തിരുവല്ല മണ്ഡലത്തിലെ 172-ാം നമ്ബര്‍ ബൂത്തായ പരുമല സ്കൂളിലെ ബൂത്തിലെയും ഓരോ യന്ത്രങ്ങളാണ് എണ്ണാന്‍ കഴിയാതെ വന്നത്.