വോട്ടുപിടിത്തത്തിനൊപ്പം വൃക്ഷത്തൈകൾ നടാൻ സ്ഥാനാർഥികൾ

പൊൻകുന്നം ∙ ഭൗമദിനമായ 22ന് 22 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ സ്‌ഥാനാർഥികൾ. മേഖലയിലെ പരിസ്‌ഥിതി പ്രവർത്തകരാണു വോട്ടു ചോദിക്കാൻ ഓടിനടക്കുന്ന സ്‌ഥാനാർഥികളെ അൽപനേരം ഒരുമിച്ചിരുത്തി പാതയോരങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്‌ഥാനാർഥികളായ ഡോ. എൻ.ജയരാജ്, വി.ബി.ബിനു, വി.എൻ.മനോജ് എന്നിവർ പരിപാടിൽ പങ്കെടുക്കും.

പൊൻകുന്നം-പാലാ റോഡിൽനിന്നു മാന്തറ വഴി കപ്പാടിനു പോകുന്ന പാതയുടെ വശങ്ങളിലാണു വൃക്ഷത്തൈകൾ നടുന്നത്. കേരള വൃക്ഷ പരിസ്‌ഥിതി സംരക്ഷണ സമിതി, ഒയസ്‌ക ഇന്റർനാഷനൽ കോട്ടയം ചാപ്‌റ്റർ എന്നിവയുടെ നേതൃത്വത്തിലാണു പരിപാടി നടത്തുന്നത്. വൃക്ഷ–പരിസ്‌ഥിതി സംരക്ഷണ സമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.ബിനു, സംസ്‌ഥാന കോ–ഓർഡിനേറ്റർ എസ്.ബിജു, ഒയസ്‌ക ഇന്റർനാഷനൽ കോട്ടയം ചാപ്‌റ്റർ സെക്രട്ടറി ഗോപകുമാർ കങ്ങഴ എന്നിവർ നേതൃത്വം നൽകും