വ്യവസായസ്ഥാപനങ്ങളിലെ കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികള്‍ മതി

വ്യവസായസ്ഥാപനങ്ങളില്‍ കയറ്റിറക്കുന്നതിനായി ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളോ യന്ത്രങ്ങളോ ഉപയോഗിക്കാം. രജിസ്റ്റര്‍ചെയ്ത ചുമട്ടുതൊഴിലാളികള്‍ക്ക് ഇനി ഇക്കാര്യത്തില്‍ അവകാശമുന്നയിക്കാനാവില്ല. കേരളത്തെ വ്യവസായസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിക്ഷേപ പ്രോത്സാഹന, സൗകര്യമൊരുക്കല്‍ ഓര്‍ഡിനന്‍സിലാണ് സുപ്രധാന വ്യവസ്ഥ.

ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്തു. ഇതടക്കം ഏഴ് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന പുതിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെച്ചതായി വ്യവസായവകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

ഇപ്പോള്‍ വീട്ടാവശ്യത്തിനുള്ള കയറ്റിറക്കിന് ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാന്‍ നിയമമുണ്ട്. വ്യവസായപാര്‍ക്കുകളിലും പ്രത്യേക സാമ്പത്തികമേഖലകളിലും വ്യവസായ പ്രദേശമായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിലും സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാം. ഈ സൗകര്യം കേരളത്തിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്ന തരത്തിലാണ് പുതിയ നിയമഭേദഗതി.

വ്യവസായങ്ങള്‍ക്ക് എളുപ്പത്തില്‍ അനുമതി ലഭിക്കുന്നതില്‍ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) കേരളത്തിന് ഇപ്പോള്‍ 20-ാം റാങ്കാണ്. ഇത് മെച്ചപ്പെടുത്താന്‍ ഒക്ടോബര്‍ 31-നുമുമ്പ് നടപടികള്‍ സ്വീകരിച്ച് കേന്ദ്രത്തെ അറിയിക്കണം. ഈ സാഹചര്യത്തിലാണ് കേരളം പുതിയ നിയമം തയ്യാറാക്കിയത്.

വ്യവസായസ്ഥാപനങ്ങള്‍ക്കുള്ളില്‍ ചുമട്ടുതൊഴിലാളികള്‍ അവകാശവാദം ഉന്നയിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭേദഗതി- വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍.

തെറ്റായ വിവരം നല്‍കിയാല്‍ സംരംഭകന് പിഴ അഞ്ചുലക്ഷംരൂപ. ലൈസന്‍സ് നേടാന്‍ സംരംഭകന്‍ തെറ്റായ വിവരം നല്‍കിയെന്ന് കണ്ടെത്തിയാല്‍ വന്‍ തുക പിഴ. അഞ്ചുലക്ഷം രൂപ പിഴയീടാക്കാനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വ്യവസായസംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷിച്ച് 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. ഇപ്രകാരമുള്ള കല്പിതാനുമതി (ഡീംഡ് ലൈസന്‍സ്) ഓണ്‍ലൈനിലൂടെ സംരംഭകന് ലഭിക്കും.

ലിഫ്റ്റ് ലൈസന്‍സ് മൂന്നുവര്‍ഷത്തിലൊരിക്കല്‍

ലിഫ്റ്റുകള്‍ക്ക് വര്‍ഷംതോറും ലൈസന്‍സ് പുതുക്കേണ്ടിയിരുന്നത് ഇനി മൂന്നുവര്‍ഷത്തിലൊരിക്കല്‍ മതി. ഇതിനായി കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിയമവും ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു.