വീട്ടില്‍ സി.ഡി.യിട്ട് ‘തുപ്പാക്കി’ പ്രദര്‍ശനം; കൈയാങ്കളിയുമായി വിജയ് ഫാന്‍സ്

തുപ്പാക്കി സിനിമയുടെ വ്യാജ സിഡി വിട്ടില്‍ ഇരുന്ന് കാണുകയായിരുന്നവര്‍ക്കെതിരേ വിജയ് ഫാന്‍സുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

വ്യാജ സി.ഡി. ഇട്ട് വീട്ടില്‍ പുത്തന്‍പടം കാണാമെന്ന് കരുതുന്നവര്‍ ഇനി രണ്ടുവട്ടം ചിന്തിക്കണം. ഫാന്‍സുകാര്‍ പ്രതിഷേധവുമായി വീട്ടിലെത്തിയേക്കാം!

എലിക്കുളത്ത് ‘തുപ്പാക്കി’ കണ്ടിരുന്നവര്‍ക്കെതിരെ കൈയാങ്കളിയുമായെത്തിയ വിജയ് ഫാന്‍സുകാര്‍ നല്‍കുന്ന പാഠമിതാണ്. തമിഴ്താരം വിജയ്‌യുടെ ആഴ്ചകള്‍ക്കുമുമ്പ് റിലീസ് ചെയ്ത ‘തുപ്പാക്കി’ എന്ന സിനിമയുടെ വ്യാജ സി.ഡി. കിട്ടിയപ്പോള്‍ എലിക്കുളം 5-ാം മൈലില്‍ ഒരു വീട്ടിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ടത്.

വിജയ്ക്ക് ശക്തമായ ഫാന്‍സ് അസോസിയേഷനുള്ള പ്രദേശത്ത് ഫാന്‍സുകാര്‍ ഉടന്‍തന്നെ വിവരമറിഞ്ഞു. അവര്‍ സംഘടിച്ച് പ്രതിഷേധവുമായെത്തി. എല്ലാവരും പരിചയക്കാരാണെങ്കിലും താരാരാധനയ്ക്കുമുമ്പില്‍ പരിചയം വിലങ്ങുതടിയായില്ല. പ്രതിഷേധം കൈയാങ്കളി വരെയെത്തി. പടം കാണേണ്ടവര്‍ തിയേറ്ററില്‍ പോയി കണ്ടാല്‍ മതിയെന്നായിരുന്നു ഫാന്‍സുകാരുടെ പക്ഷം. പ്രിയതാരത്തിന്റെ പടം പൊളിക്കാന്‍ വ്യാജ സി.ഡി.യെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ഇനിയും പ്രതിഷേധിക്കുമെന്നുതന്നെയാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്. ഏതായാലും ബഹളത്തിനിടെ സി.ഡി. കൈയിലാക്കിയവരും ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്. തുപ്പാക്കി കണ്ടാല്‍ ‘തുപ്പാക്കി’യുമായി ഫാന്‍സുകാരെത്തിയാലോ?