വ്യാജ സർട്ടിഫിക്കറ്റിനെതിരെ നിയമനടപടി

കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും സീലും നിർമ്മിച്ചവർക്കെതിരെ കർശന നിയമ നടപടിയുമായി ആശുപത്രി മാനേജ്‌മെന്റ്. കോതമംഗലം സ്വദേശിയായ യുവതി വിദേശ ജോലിക്കായി സമർപ്പിച്ചിരുന്ന സർട്ടിഫിക്കറ്റ് , വേരിഫിക്കേഷൻ നടപടികൾക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് അറിവ് ലഭിക്കുന്നത്.യുവതിയുടെ വിശദാംശങ്ങൾ ശേഖരിച്ച് ആശുപത്രി മാനേജ്‌മെന്റ് പരാതിയായി കാഞ്ഞിരപ്പള്ളി പോലീസിന് കൈമാറുകയായിരുന്നു .

മേരിക്വീൻസ് മിഷൻ ആശുപത്രിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു എന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് നിർമ്മിച്ചിരുന്നത് .വ്യാജ സർട്ടിഫിക്കറ്റ് യുവതിക്ക് നിർമ്മിച്ച് നൽകിയത് കോട്ടയം മുട്ടുചിറ സ്വദേശിയാണെന്ന് യുവതി അവകാശപ്പെടുന്നത് .ഇയാളുടെ അഡ്രസ്സും പോലീസിന് കൈമാറിയിട്ടുണ്ട് .കാഞ്ഞിരപ്പള്ളി സി. ഐ ശ്രീ.സോൾജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണങ്ങൾ നടക്കുന്നത്.

വ്യാജ സർട്ടിഫിക്കറ്റും സീലും നിർമ്മിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ആശുപത്രിയുടെ പേരോ, ലെറ്റർ ഹെഡോ ,സീലോ അനധികൃതമായി ഉപയോഗിച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ.സന്തോഷ് മാത്തൻകുന്നേൽ സി. എം. ഐ അറിയിച്ചു.വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും, പോലീസ് ഉടൻതന്നെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രീതീഷിക്കുന്നതായും ഡയറക്ടർ അറിയിച്ചു .