വ്യാപാരിയെയും ജോലിക്കാെരയും മര്‍ദ്ദിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: കോഴിക്കച്ചവടക്കാരനെയും ജോലിക്കാെരയും വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി.

തെങ്ങണ കളത്തില്‍ പുതുപറമ്പില്‍ നിഷാദ് (24), ജോലിക്കാരായ ടിന്റു ജോണ്‍ (23), അന്യ സംസ്ഥാന തൊഴിലാളികളായ മണി, ജിഥിന്‍, രാഹുല്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന ലോറിയും കാറും തല്ലിത്തകര്‍ത്തതായും 1,75,000 രൂപ തട്ടിയെടുത്തതായും പരിക്കേറ്റ് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ കഴിയുന്ന നിഷാദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നിഷാദ് പറയുന്നത് ഇങ്ങനെ. കൂവപ്പള്ളി പൂമറ്റം പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നല്‍കിയിരുന്നു. ഇതിന്റെ വളര്‍ച്ച പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇവയെ തിരികെ കൊണ്ടുപോകുന്നതിനാണ് നിഷാദും ജോലിക്കാരും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഇവിടെ എത്തിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ പൂമറ്റത്ത് എത്തിയതോടെ ബൈക്കിലെത്തിയ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. നിഷാദിനെയും ഒപ്പമുണ്ടായിരുന്നവരെയും കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ഇവര്‍ വന്ന കാറിന്റെയും കോഴികളെ കൊണ്ടുപോകുന്നതിനുള്ള ലോറിയുടെയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.