വ്യാപാരി -വ്യവസായി സമരപ്രചാരണ ജാഥയ്ക്ക് സ്വീകരണം

മുണ്ടക്കയം: വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാനപ്രസിഡന്റ് ടി. നസറുദ്ദീന്‍ നയിക്കുന്ന സമരപ്രചാരണ വാഹന ജാഥയ്ക്ക് 28ന് നാലിന് മുണ്ടക്കയം യൂണിറ്റ് കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയും ചേര്‍ന്ന് സ്വീകരണം നല്‍കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.എസ്. ബഞ്ചമിന്‍,ജനറല്‍ സെക്രട്ടറി എസ്. സാബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനപ്രസിഡന്റ് നടത്തുന്ന ജാഥയുടെ പര്യടനം മുണ്ടക്കയത്തുനിന്ന് ആരംഭിക്കും.ജില്ലാ കമ്മിറ്റിയുടെ പ്രചാരണജാഥയും അന്ന് സമാപിക്കും.
വില്‍പന നികുതി ഉദ്യോഗസ്ഥരുടെ അന്യായമായി കടയില്‍ കയറിയുള്ള പരിശേധന നിര്‍ത്തലാക്കുക,വാടക നിയന്ത്രണം നടപ്പാക്കുക,ലക്ഷക്കണക്കിന് വ്യാപാരി സമൂഹങ്ങളുടെ തൊഴില്‍സംരക്ഷണം നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 3ന് സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരം,സെക്രട്ടേറിയറ്റ് മാര്‍ച്ച് എന്നിവയുടെ ഭാഗമായാണ് വാഹനപ്രചാരണജാഥ നടത്തുന്നത്.നൂറ് കണക്കിന് പ്രവര്‍ത്തകരുടെയും വാഹന,വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ജാഥയെ മുണ്ടക്കയം കല്ലേപ്പാലം കവലയില്‍നിന്ന് സ്വീകരിച്ച് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ എത്തിക്കും. പി.കെ.കഞ്ഞുവാവ,പി.എസ്.റഷീദ്,എസ്.ബാബു,ജോര്‍ജ് കെ.ജോസഫ്,പി.എം.നജീബ്,ആര്‍.സി.നായര്‍,പി.എ.നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.