ശബരിപാത ഇനി ശരവേഗത്തിൽ.. പ്രധാനമന്ത്രിയുടെ പ്രതേക പരിഗണയിൽ ..

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി ഇനി പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ. പ്രധാനമന്ത്രി നിരീക്ഷിക്കുന്ന കേരളത്തിൽ നിന്നുള്ള ഏക റെയിൽവേ പദ്ധതിയും ശബരിയാണ്. പദ്ധതി വേഗത്തിലാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവു കുറയ്ക്കും. പാതയുടെ ഇരുഭാഗത്തായി മൂന്നു മീറ്റർ സ്ഥലം എന്നതു ശബരി പദ്ധതിക്ക് ഒന്നര മീറ്ററായി കുറയ്ക്കും. ഇതനുസരിച്ചു കാലടി മുതൽ പെരുമ്പാവൂർ വരെ പുതിയ അതിർത്തിക്കല്ലുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രത്യേക നടത്തിപ്പു സംവിധാനം (എസ്പിവി) രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുത്ത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഇപ്പോഴത്തെ പുരോഗതി വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകുകയും ചെയ്തു.കേരളത്തിന്റെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിഡിയോ കോൺഫറൻസ് വഴി ചർച്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടതിനു തൊട്ടുപിന്നാലെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്ന ജോലികൾ റെയിൽവേ വേഗത്തിലാക്കി. സാധാരണഗതിയിൽ എസ്റ്റിമേറ്റ് അംഗീകരിപ്പിക്കാൻ നിർമാണ വിഭാഗം, അക്കൗണ്ട്സ് വിഭാഗത്തിന്റെ പിന്നാലെ നടക്കുകയാണു പതിവെങ്കിൽ റെയിൽവേ ബോർഡിൽ നിന്നുള്ള പ്രത്യേക നിർദേശ പ്രകാരം 2600 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാനുള്ള അന്തിമ നടപടികളിലാണ് അക്കൗണ്ട്സ് വിഭാഗം.

എന്താണ് പ്രഗതി ?

പ്രോ ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ എന്നതിന്റെ ചുരുക്കെഴുത്താണു പ്രഗതി. പദ്ധതികളുടെ വേഗത്തിലുള്ള സുഗമമായ നടത്തിപ്പാണ് ഇതിന്റെ ലക്ഷ്യം. 2015 മാർച്ചിൽ തുടക്കം കുറിച്ച സംവിധാനം വഴി എട്ടു ലക്ഷം കോടി രൂപയുടെ 136 പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടി കേന്ദ്രം ഇതുവരെ സ്വീകരിച്ചു.കൃത്യമായ കാലപരിധി (ഡെഡ്‌ലൈൻ) നിശ്ചയിക്കുകയും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായതിനാൽ സംസ്ഥാനങ്ങളും പദ്ധതികളുടെ നടത്തിപ്പു കൃത്യമായി ഉറപ്പാക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഇന്ത്യയിലെ വിവിധ പദ്ധതികൾക്കു പുറമേ മറ്റു രാജ്യങ്ങളിൽ ഇന്ത്യയുടെ ചെലവിൽ നടക്കുന്ന പദ്ധതികളും യോഗം വിലയിരുത്തുന്നുണ്ട്.പദ്ധതികൾ നേരിടുന്ന തടസ്സങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നുവെന്നാണു പ്രഗതിയുടെ പ്രത്യേകത.

സാധാരണ ഗതിയിൽ തടസ്സമുണ്ടെന്നു പറഞ്ഞു കൈകെട്ടിയിരിക്കുന്നതിനു പകരം അവ എങ്ങനെ മറികടക്കാമെന്നതാണ് ഈ യോഗങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്.മാസത്തിലൊരിക്കലാണു പ്രഗതി യോഗം. ഡിജിറ്റൽ ഡേറ്റ മാനേജ്മെന്റ്, വിഡിയോ കോൺഫറൻസിങ്, ജിയോ സ്പേഷ്യൽ ടെക്നോളജി എന്നിവ ഉപയോഗിച്ചാണു സംവിധാനം പ്രവർത്തിക്കുന്നത്.കേന്ദ്ര സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരും പ്രധാനമന്ത്രിയുടെ ഓഫിസുമാണ് ഇതിലുള്ളത്.എല്ലാ നാലാമത്തെ ബുധനാഴ്ചയുമാണു പ്രഗതി ഡേ. പ്രധാനമന്ത്രി ഒരു വിഷയം ചർച്ചയ്ക്കെടുക്കുമ്പോൾ അതു സംബന്ധിച്ചു കേന്ദ്ര സംസ്ഥാന സെക്രട്ടറിമാർ നൽകുന്ന വിവരത്തിനു പുറമേ പദ്ധതികളുടെ ഇപ്പോഴത്തെ പുരോഗതി മനസ്സിലാക്കാൻ അവയുടെ ദൃശ്യങ്ങളും അടുത്തുള്ള സ്ക്രീനിലുണ്ടാകും.

ശബരി റെയിൽ പുനലൂരിലേക്ക്

അങ്കമാലി–ശബരി പാത പുനലൂർ വരെ നീട്ടുന്നതും ഇപ്പോൾ സജീവ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ചേർന്ന എസ്പിവി യോഗത്തിൽ സംസ്ഥാന സർക്കാരും റെയിൽവേയും ഈ വിഷയം ചർച്ച ചെയ്തു. ശബരിപാത പൂനലൂരിൽ എത്തിച്ചു കൊല്ലം -ചെങ്കോട്ട പാതയിൽ കൂട്ടിമുട്ടിക്കുന്നതോടെ അങ്കമാലിയിൽ നിന്നു തിരുവനന്തപുരത്തിനുള്ള രണ്ടാം പാതയായി ഇതു മാറും.കറുകുറ്റി ട്രെയിൻ അപകടം ഉണ്ടായപ്പോൾ വഴിതിരിച്ചു വിടാൻ ബദൽ പാതകളില്ലാതിരുന്നതു വൻ പ്രതിസന്ധിയാണു സൃഷ്ടിച്ചത്. അന്നു തമിഴ്നാട്ടിലൂടെയായിരുന്നു കേരളത്തിലേക്കുള്ള ട്രെയിനുകളോടിയത്.ഈ പ്രതിസന്ധി മറികടക്കാൻ അങ്കമാലി- പുനലൂർ പാത സഹായിക്കും. ശബരി പാത ലാഭകരമാകില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണു പാത നീട്ടാനുള്ള നീക്കം. പുനലൂരിൽ പാത എത്തുന്നതോടെ ചെങ്കോട്ട, മധുര വഴി ചെന്നൈയിലേക്കും കൊട്ടാരക്കര, കൊല്ലം വഴി തിരുവനന്തപുരത്തേക്കും തിരിഞ്ഞു പോകാൻ സാധിക്കും.

ഫലത്തിൽ കേരളത്തിൽ നിന്നു ചെന്നൈയിലേക്കുള്ള മൂന്നാമത്തെ പാത കൂടിയാണു തുറക്കുക.ശബരിമല സീസണിൽ മാത്രമേ ശബരി പാതയിൽ തിരക്കുണ്ടാകുവെന്നും അതിനാൽ പദ്ധതി നഷ്ടമാകുമെന്നുമാണു റെയിൽവേ മുൻപു പറഞ്ഞിരുന്നത്.പാത വരുന്നതോടെ ഇതുമായി ബന്ധപ്പെടുന്ന 20 സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും വികസിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചരക്കു നീക്കവും വേഗത്തിലാകും. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കൊപ്പം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്കു പദ്ധതി മുതൽക്കൂട്ടാകും.പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവയെ എറണാകുളവുമായി ബന്ധിപ്പിച്ചു മെമു സർവീസും നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. ഈ നാലു പട്ടണങ്ങളും എറണാകുളം നഗരത്തിന്റെ ഉപഗ്രഹ നഗരങ്ങളായി വളരാനുള്ള സാധ്യതയാണു തെളിയുന്നത്.

ശബരി പാത ഇതു വരെ

അങ്കമാലി – കാലടി, എട്ടു കിലോമീറ്റർ പാതയുടെ അവസാനവട്ട ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പെരിയാറിനു കുറുകെയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായി. ട്രാക്ക് ലിങ്കിങ് ജോലികളും വൈകാതെ പൂർത്തിയാകും. കാലടി- പെരുമ്പാവൂരാണു (15 കിലോമീറ്റർ) അടുത്ത റീച്ച്. 225 കോടി രൂപയുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡിന്റെ അംഗീകാരമുണ്ട്.പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നതിനാൽ വരുന്ന ബജറ്റിൽ പദ്ധതിക്കു മുന്തിയ പരിഗണന ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പെരുമ്പാവൂർ വരെയുള്ള പണികൾ വേഗത്തിലാകും. 120 കിലോമീറ്ററാണ് അങ്കമാലി -എരുമേലി ദൂരം. നിർദിഷ്ട എരുമേലി- പുനലൂർ പാതയ്ക്ക് (75 കിലോമീറ്റർ) 1998ൽ 210 കോടി രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. ശബരിപാത പുനലൂരിൽ നിന്നു പുതിയൊരു പാതയായി തിരുവനന്തപുരം വരെ നീട്ടാനും മുൻപ് ആലോചിച്ചിരുന്നു. പുനലൂരിൽ നിന്ന് അഞ്ചൽ, നെടുമങ്ങാട് വഴി തിരുവനന്തപുരം നേമത്ത് എത്തിച്ചേരുന്നതാണു പദ്ധതി.

ഇനി വേണ്ടത്

എസ്പിവി രൂപീകരിച്ചു സംസ്ഥാന പ്രതിനിധികളെയും കമ്പനി എംഡിയേയും നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പെരുമ്പാവൂർ മുതലുള്ള ഭാഗങ്ങളിൽ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കി വർഷങ്ങളായി നഷ്ടപരിഹാരത്തിനു കാത്തിരിക്കുന്ന ജനങ്ങൾക്കു പണം നൽകണം.തൊടുപുഴ വരെയെങ്കിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ പാത എത്തിക്കാനുള്ള നടപടി റെയിൽവേ കൈക്കൊള്ളണമെന്ന് ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. അങ്കമാലി – കാലടി പാത വൈദ്യുതീകരിക്കാനുള്ള നടപടിയുണ്ടാകണം. പാത നിർമാണത്തിനൊപ്പം വൈദ്യുതീകരണം കൂടി റെയിൽവേ നടപ്പാക്കണം. കാലടി വരെ പാത കമ്മിഷൻ ചെയ്യുന്ന മുറയ്ക്കു കാലടി-തിരുപ്പതി സർവീസ് ആരംഭിക്കണമെന്നാണു മറ്റൊരാവശ്യം. എറണാകുളം – അങ്കമാലി സിറ്റി മെമു സർവീസ് കാലടി വരെ നീട്ടണമെന്നും നിർദേശമുണ്ട്.

ശബരി റെയിൽവേ ഒറ്റനോട്ടത്തിൽ

∙അംഗീകാരം ലഭിച്ചത് – 1997-98
∙പദ്ധതി ചെലവ് കണക്കാക്കിയത് : 550 കോടി രൂപ (1998),1500 കോടി രൂപ (2015-16),2016ൽ പ്രതീക്ഷിക്കുന്ന ചെലവ് – 2600 കോടി രൂപ
∙ദൂരം: അങ്കമാലി – എരുമേലി (120 കിലോമീറ്റർ), എരുമേലി-പുനലൂർ (75 കിലോമീറ്റർ )
∙ആകെ സ്റ്റേഷനുകൾ : 20,അങ്കമാലി ,കാലടി ,പെരുമ്പാവൂർ ,ഓടക്കാലി ,കോതമംഗലം ,മൂവാറ്റുപുഴ ,വാഴക്കുളം,തൊടുപുഴ ,കരിങ്കുന്നം,രാമപുരം ,പാല,ചെമ്മലമറ്റം ,കാഞ്ഞിരപ്പള്ളി ,എരുമേലി
∙പുനലൂരേക്കു നീട്ടുമ്പോൾ : റാന്നി ,പത്തനംതിട്ട ,കോന്നി ,കൂടൽ,പത്തനാപുരം ,പുനലൂർ
∙നിർമാണം നടന്നത്: അങ്കമാലി – കാലടി (എട്ടു കിലോമീറ്റർ)