ശബരിമലപാതകളിൽ‌ വഴിമുടക്കികൾ

എരുമേലി ∙ ശബരിമല പാതകളിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാൻ ജലവിതരണ വകുപ്പു മുതൽ സാമൂഹികവിരുദ്ധർ വരെ. എരുമേലി – മുക്കൂട്ടുതറ – ശബരിമല പാതയിൽ ജലവിതരണ വകുപ്പ് എടുത്തു നീക്കിയ മണ്ണ് ഓടയിലേക്കു കൂട്ടിയിട്ടതോടെ ജലത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായി.

എരുമേലി – ഓരുങ്കൽ – കാരിത്തോട് പാതയിൽ സാമൂഹികവിരുദ്ധർ റിഫ്ലക്ടറുകൾ തകർത്തു. എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ഭാഗമായി ശബരിമല പാത വെട്ടിപ്പൊളിച്ചു പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം മുക്കൂട്ടുതറ പാലത്തിനു സമീപത്തു നിന്ന് എടുത്തു നീക്കിയ മണ്ണും കല്ലും ഉൾപ്പെടെയുള്ളവ റോഡിന്റെ എതിർവശത്തു വെള്ളം ഒഴുകാനുള്ള ഓടയിലേക്കു തള്ളുകയായിരുന്നു. ഒരു ലോഡ് മണ്ണും കല്ലും ഓടയിൽ നിറഞ്ഞതോടെ വെള്ളമൊഴുക്കു തടസ്സപ്പെട്ടു. ഓട അടഞ്ഞതോടെ വെള്ളം റോഡിലൂടെ ഒഴുകിപ്പരക്കുകയും മഴയിൽ മണ്ണ് ഒലിച്ചിറങ്ങി പാതയിൽ ചെളി നിറയുകയും ചെയ്തു.

എരുമേലി – കാരിത്തോട് പാതയിലെ ഓരുങ്കൽ കടവിനു സമീപമാണ് പുതുതായി നിർമിച്ച പാതയുടെ വശങ്ങളിലെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള റിഫ്ലക്ടറുകൾ നശിപ്പിച്ചത്. ഈ മേഖല കഞ്ചാവ് ഉപയോഗിക്കുന്നവരുടെ സ്ഥിരം താവളമാണെന്നു പരാതിയുണ്ട്. മണിമലയാറിന്റെ തീരദേശപാതയായതിനാൽ രാത്രി വാഹനങ്ങൾ ആറ്റിലേക്കു വീഴാനുള്ള സാധ്യതയുണ്ടെന്നതിനെ തുടർന്നാണു റിഫ്ലക്ടറുകൾ സ്ഥാപിച്ചത്.പൊലീസിൽ പരാതി നൽകുമെന്നു പൊതുമരാമത്തു വിഭാഗം അറിയിച്ചു.