ശബരിമലയിലേക്കുള്ള ചരക്കുവാഹന നിരോധനം വിവാദത്തിലേക്ക്

എരുമേലി∙ ശബരിമലയിലേക്കു ചരക്കുവാഹനങ്ങളിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണത്തിന്റെ പേരിൽ നാട്ടുകാരുടെ ചരക്കുവാഹനങ്ങൾ തടയുന്നത് വിവാദമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ചരക്കു വാഹനങ്ങൾ വിളിക്കുന്ന നാട്ടുകാർ ഇതോടെ ദുരിതത്തിലായി.

പൊലീസ് നടപടിക്കെതിരെ വ്യാപാരി സമൂഹം പ്രതിഷേധത്തിൽ. ഗതാഗത ക്രമീകരണത്തിന്റെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ആക്ഷേപം.

ശബരിമലയിലേക്കു ചരക്കു വാഹനങ്ങളിലും മറ്റും തീർഥാടകരെ കൊണ്ടുപോകുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്നുവർഷം മുൻപു ശബരിമല റൂട്ടിലെ കണമലയിൽ ചരക്കു ലോറി മറിഞ്ഞ് 11 തീർഥാടകർ മരിച്ചിരുന്നു. ഇതോടെയാണു ലോറികൾ, പിക്അപ് വാനുകൾ എന്നിവയിൽ തീർഥാടകരെ കൊണ്ടുപോകുന്നതിനു നിരോധനം വേണമെന്ന് ആവശ്യമുയർന്നത്. എന്നാൽ ഈ നിർദേശത്തിന്റെ പേരിൽ നാട്ടിലെ ചരക്കു വാഹനങ്ങൾക്കും ശബരിമല പാതയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.

പമ്പാവാലി, കണമല, മൂക്കംപെട്ടി, ഏഞ്ചൽവാലി, ഇടകടത്തി, ഉമിക്കുപ്പ, ചാത്തൻതറ, മണിപ്പുഴ, വെൺകുറിഞ്ഞി ഭാഗത്തേക്കുള്ള വണ്ടികൾക്ക് എരുമേലി–കരിങ്കല്ലുമ്മൂഴി–മുക്കൂട്ടുതറ, എരുമേലി–പ്രപ്പോസ്–മുക്കൂട്ടുതറ റോഡുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സൗകര്യപ്രദം. എന്നാൽ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കൊരട്ടി–കണ്ണിമല–പ്രപ്പോസ്–എംഇഎസ് വഴിയാണു മുക്കൂട്ടുതറയിലേക്ക് അയയ്ക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു.

ഇന്നലെ റാന്നി ഭാഗത്തുനിന്നു കരിങ്കല്ലുമ്മൂഴിയിലെത്തിയ ചരക്കുവണ്ടിക്ക് ഒന്നര കിലോമീറ്റർ അകലെ മണിപ്പുഴയിലെത്താമെന്നിരിക്കേ ഏഴു കിലോമീറ്റർ അധികം ഓടാൻ നിർദേശിച്ചതായും പരാതിയുണ്ട്. എന്നാൽ ഇത്തരം കാര്യം സംബന്ധിച്ചു പരാതി ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. ഗതാഗത ക്രമീകരണം ആവശ്യമെങ്കിൽ നടപ്പാക്കുമെന്നും പൊലീസ് പറയുന്നു.

എരുമേലിയിൽ മണ്ഡല–മകരവിളക്കു സീസണിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറുകണക്കിനു പൊലീസുകാരാണു ഡ്യൂട്ടിയിൽ എത്തുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും എരുമേലിയിലെ റോഡുകൾ സംബന്ധിച്ചു വ്യക്തമായ ധാരണയില്ല. ഇവർ നിർദേശിക്കുന്ന വഴിയിലൂടെ സഞ്ചാരം നടത്താൻ മാത്രമേ ഡ്രൈവർമാർക്കു സാധിക്കുന്നുള്ളൂ.