ശബരിമല കലക്‌ഷൻ അടയ്ക്കാൻ കൗണ്ടറില്ല

ശബരിമല സർവീസുകളുടെ കലക്‌ഷൻ അടയ്ക്കാൻ കെഎസ്ആർടിസിയിൽ പ്രത്യേക കൗണ്ടറില്ല. പണം അടയ്ക്കുന്ന കൗണ്ടറിൽ തിരക്കേറിയതോടെ പമ്പ സ്പെഷൽ സർവീസുകളുടെ പ്രവർത്തനം താളം തെറ്റുന്നു. മുൻ വർഷങ്ങളിൽ പമ്പ സ്പെഷൽ സർവീസുകളുടെ കലക്‌ഷൻ അടയ്ക്കുന്നതിനു വേണ്ടിമാത്രം ബസ് സ്റ്റാൻഡിൽ പ്രത്യേക കൗണ്ടർ ക്രമീകരിച്ചിരുന്നു. ശബരിമല സർവീസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്തു നിമിഷങ്ങൾക്കകം തന്നെ തിരികെ പോകേണ്ടി വരും. ഈ തിരക്കു പരിഗണിച്ചാണ് ഇവരുടെ കലക്‌ഷൻ സ്വീകരിക്കുന്നതിനായി ഡിപ്പോയിൽ പ്രത്യേകം കൗണ്ടർ ക്രമീകരിച്ചിരുന്നത്.

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരുന്നതും. എന്നാൽ, ഇത്തവണ പതിവിനു വിപരീതമായി പ്രത്യേകം കൗണ്ടർ ക്രമീകരിക്കാൻ കെഎസ്ആർടിസി അധികൃതർ തയാറായില്ല. ഡിപ്പോയിലെ 160ൽ അധികം ബസുകൾക്കൊപ്പം മറ്റു ഡിപ്പോകളിൽ നിന്ന് എത്തുന്ന ബസുകളും കലക്‌ഷൻ അടയ്ക്കുന്നതിനൊപ്പം വരിനിന്നു വേണം പമ്പ സ്പെഷൽ സർവീസുകാരും കലക്‌ഷൻ അടയ്ക്കേണ്ടത്. ഇതു സർവീസുകൾ വൈകുന്നതിന് ഇടയാക്കും എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതോടൊപ്പമാണു മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് 20 മണിക്കൂറിലധികം അധികമായി ജോലിചെയ്യേണ്ടി വരുന്നത്. 240 രൂപ മാത്രമാണ് ഇതിന് അധികമായി നൽകുന്നത്. മറ്റു ഡിപ്പോകളിൽ മണിക്കൂറിന് 60 രൂപ നൽകുമ്പോഴാണ് തങ്ങളോടു അനീതി കാട്ടുന്നതെന്നു മെക്കാനിക്കൽ വിഭാഗം ജീവനക്കാർ കുറ്റപ്പെടുത്തുന്നു.