ശബരിമല വിമാനത്താവളം സാധ്യതാപഠനം: വിവരങ്ങൾ മറച്ചുവച്ച് കെഎസ്ഐഡിസി


തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന വിവരങ്ങളും മറച്ചു വച്ച് കെഎസ്ഐഡിസി. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ രേഖകളിലാണ് ആവശ്യപ്പെട്ട നിർണായകമായ വിവരങ്ങൾ നൽകാനാവില്ലെന്ന് നിലപാടെടുത്തിരിക്കുന്നത്.

കെഎസ്ഐഡിസിയെ ലേലത്തിൽ പങ്കെടുക്കുന്നതിന് സഹായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കെപിഎംജിയും സിറിൾ അമർചന്ദ് മംഗൽദാസ്(സിഎഎം) കമ്പനിയും എന്തൊക്കെ സേവനങ്ങളാണ് നൽകിയിരിക്കുന്നത്, ഓരോന്നിനും ഈടാക്കിയ ഫീസ് എത്ര, ഇതിനോടകം എത്ര രൂപ കൈമാറി തുടങ്ങിയ വിവരങ്ങൾ ഇനം തിരിച്ച് ആവശ്യപ്പെട്ടിട്ടും നൽകാൻ കമ്പനി തയാറായിട്ടില്ല.

എങ്ങനെയാണ് കെപിഎംജിയെയും സിഎഎമ്മിനെയും സഹായം നൽകുന്നതിനായി തിരഞ്ഞെടുത്തത് എന്നതു സംബന്ധിച്ചും വ്യക്തതയില്ല. ഇവർ തിരഞ്ഞെടുക്കപ്പെട്ടത് നിയമാനുസൃതമാണെങ്കിൽ അതിന്റെ രേഖകൾ പുറത്തു വിടണമെന്നാണ് ആവശ്യം. ഇരു കമ്പനികളും നൽകുന്ന സേവനങ്ങളുടെ കാര്യത്തിൽ കെഎസ്ഐഡിസിയുമായി എംഒയു ഒപ്പിട്ടിട്ടുണ്ടോ? ഇത്ര സുപ്രധാനമായ വിമാനത്താവള ലേലത്തിന്റെ വിവരങ്ങൾ വ്യക്തമായി വ്യവസായ വകുപ്പിനെയും വ്യവസായ മന്ത്രിയെയും അറിയിച്ചിരുന്നോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്.

എസിഎം കമ്പനി ഉടമയ്ക്ക് അദാനി ഗ്രൂപ്പ് ഉടമയുമായുള്ള ബന്ധമൊന്നും അറിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന ഇക്കാര്യത്തിൽ സംശയം ഉയർത്തുന്നുണ്ട്. ലേലത്തിന്റെ സ്വകാര്യത പാലിക്കാൻ കെഎസ്ഐഡിസിക്കും സർക്കാരിനും സാധിച്ചിട്ടില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വിശദ വിവരങ്ങൾ പുറത്തു വിടണമെന്നാണ് ആവശ്യം. 

വിമാനത്താവള ലേലത്തിന്റെ ചെലവ് വിവരങ്ങൾ പുറത്തു വിട്ടെങ്കിലും വിശദ വിവരങ്ങൾ ആവശ്യമെങ്കിൽ വൗച്ചറുകളും മറ്റും ഓഫിസിലെത്തി പരിശോധിക്കാനാണ് ചോദ്യത്തിന് മറുപടിയായി നൽകിയിരിക്കുന്നത്. വിമാനത്താവള ലേല വിവരങ്ങൾ സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം മറുപടി നൽകാതിരുന്ന കമ്പനി അപ്പീൽ നൽകിയതിനെ തുടർന്നാണ് പ്രൊജക്ട് റിപ്പോർട് തയാറാക്കുന്നതിനും നിയമസഹായവും നൽകിയ കമ്പനിയുടെ പേരു വിവരങ്ങളെങ്കിലും പുറത്തു വിട്ടത്.

അതുപോലെ ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠനം വ്യാവസായിക രഹസ്യമായതിനാൽ ആർടിഐ പ്രകാരം തരാൻ പറ്റില്ലെന്ന നിലപാടാണ് കെഎസ്ഐഡിസി സ്വീകരിച്ചിരിക്കുന്നത്. ഇത് സർക്കാരിനു സമർപ്പിച്ചാൽ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതാണ് എന്നിരിക്കെയാണ് ചോദ്യങ്ങളോടുള്ള ഈ മുഖം തിരിക്കൽ. ശബരിമല വിമാനത്താവളത്തിനായി സർക്കാർ 4.67 കോടി രൂപ ചെലവഴിച്ചെങ്കിലും കൺസൾട്ടൻസി ലഭിച്ച കമ്പനിക്ക് സ്ഥലത്തേയ്ക്ക് കടക്കുന്നതിനു പോലും സാധിച്ചില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. 

വിവരാവകാശരേഖ വന്ന നാൾവഴി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ലേലത്തിൽ പങ്കെടുക്കാൻ എത്ര രൂപ ചെലവായി? ഇനം തിരിച്ച് രേഖകൾ സഹിതം മറുപടി നൽകണം എന്നാവശ്യപ്പെട്ട് 2019 ഓഗസ്റ്റ് 1 നാണ് കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി കെഎസ്ഐഡിസിക്ക് അപേക്ഷ സമർപ്പിക്കുന്നത്. സെപ്റ്റംബർ 24ന് കെഎസ്ഐഡിസി നൽകിയ മറുപടിയിൽ 2.36 ലക്ഷം ലേലത്തിൽ പങ്കെടുക്കാൻ ചെലവഴിച്ചു എന്നു പറയുന്നു. എന്നാൽ വേർതിരിച്ചുള്ള കണക്കുകൾ നൽകിയില്ല. ഇതിനെതിരെ ഒക്ടോബർ 16ന് അപ്പീൽ സമർപ്പിച്ചു. 

സെപ്റ്റംബർ 21ന് 9 അപ്പല്ലറ്റ് അതോറിറ്റിയായ സ‍ഞ്ചയ് കൗൾ ഐഎഎസ് നൽകിയ അനുമതിയിലാണ് ബാക്കി വിവരങ്ങൾ ലഭിക്കുന്നത്. ഇതു സംബന്ധിച്ച രേഖകൾ കൂടുതലായതിനാൽ ഓഫിസിൽ വന്ന് പരിശോധിക്കാം എന്ന് പറയുന്നുണ്ടെങ്കിലും 157 ലക്ഷം കൊടുത്തതിന്റെ രേഖകൾ അധിക ചാർജ് ഈടാക്കി നൽകാം എന്നിരിക്കിലും അത് നൽകിയില്ല. വിമാനത്തിന്റെ സാധ്യതാ പഠന റിപ്പോർട്ടും നിരസിക്കുന്നു.