ശബരിമല സ്ത്രീപ്രവേശം: പ്രതിഷേധം ഇരമ്പുന്നു

എരുമേലി ∙ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നാമജപയാത്രയും ഇന്നു 10നു നടക്കും. വലിയമ്പലത്തിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധജാഥ പേട്ടക്കവലയിൽ സമാപിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി ∙ ഹൈന്ദവ വിശ്വാസങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗണപതിയാർ കോവിൽ, മധുര മീനാക്ഷി കോവിൽ ക്ഷേത്രോപദേശക സമിതികളുടെ ആഭിമുഖ്യത്തിൽ ഒൻപതിന് ഉച്ചകഴിഞ്ഞു 3.30നു നാമജപ ഘോഷയാത്ര നടത്തും.

ഗണപതിയാർ കോവിലിൽനിന്ന് ആരംഭിച്ചു മധുരമീനാക്ഷി കോവിലിൽ സമാപിക്കുന്ന നാമജപ ഘോഷയാത്രയ്ക്കു ശേഷം വാഴൂർ തീർഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ സന്ദേശം നൽകും.

കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വിധി മറികടക്കുന്നതിന് ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും ഗണപതിയാർ കോവിൽ, മധുരമീനാക്ഷി കോവിൽ ക്ഷേത്രോപദേശക സമിതികളുടെ സംയുക്‌ത യോഗം ആവശ്യപ്പെട്ടു.

പൊൻകുന്നം ∙ അയ്യപ്പഭക്തരെ ഹിന്ദുവർഗീയവാദികളാക്കി ചിത്രീകരിക്കാനാണു സർക്കാരിന്റെ ശ്രമമെന്നു വാഴൂർ തീർഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ.
ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പവിശ്വാസ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നടത്തിയ പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി ജില്ലാ ട്രഷറർ കെ.ജി.കണ്ണൻ, പ്രദീപ് ചെറുവള്ളി, ജി.ഹരിലാൽ, എൻ.ആർ.മോഹനൻ, എ.ഷിബു, പി.ആർ.ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.

പൊൻകുന്നം ∙ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ക്ഷേത്രവിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ ദേവസ്വം ബോർഡിന് ഉത്തരവാദിത്തമുണ്ടെന്നു കേരള വെളുത്തേടത്തു നായർ സമാജം.
സർക്കാരിന്റെ അമിതാവേശം ഹൈന്ദവജനതയിൽ ആശങ്കയുണർത്തുന്നതായി സമാജം സംസ്ഥാന ജന. സെക്രട്ടറി ടി.ജി.ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.

മണിമല ∙ ശബരിമലയിലെ ആചാര വിശ്വാസങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെ മണിമല ഹിന്ദുധർമ സംരക്ഷണ സമിതി ഇന്ന് മണിമലയിൽ നാമജപ ഘോഷയാത്രയും പ്രാർഥനാ സംഗമവും നടത്തും.
രാവിലെ 9ന് കടയനിക്കാട് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നു മണിമല ടൗണിലേക്കാണ് ഘോഷയാത്ര നടക്കുക.

മുൻദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, സ്വാമി ഗരുഡധ്വജാനന്ദ തുടങ്ങിയവർ പങ്കെടുക്കും.

വാകത്താനം ∙ ശബരിമല സംരക്ഷണ സമിതി അയ്യപ്പ ഭക്തരുടെ പ്രതിഷേധ സംഗമവും നാമജപ ഘോഷയാത്രയും ഇന്ന് നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് മണികണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന പ്രതിഷേധ നാമജപ റാലി ഞാലിയാകുഴി കവലയിൽ സമാപിക്കും.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, കാനം പള്ളി വികാരി ഫാ. തോമസ് കുളത്തിൽ, കെ.വി.നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.

കങ്ങഴ ∙ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കങ്ങഴയിൽ വിവിധ ഹൈന്ദവ സംഘടനകൾ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.
പത്തനാട് ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച നാമജപ ഘോഷയാത്ര ടൗൺ ചുറ്റി കവലയിൽ സമാപിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഗോപിദാസ് പ്രസംഗിച്ചു.