ശബരി പാത: തീര്‍ഥാടകര്‍ക്കു പ്രയോജനമില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍

കോട്ടയം: ശബരി റെയില്‍പ്പാത ശബരിമല തീര്‍ഥാടകര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്നു ദീപ്തി ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏതുപ്രദേശംവഴിയായാലും പദ്ധതി എരുമേലിയില്‍ അവസാനിക്കും. തുടര്‍ന്നു കാനനപാതയിലൂടെയുള്ള യാത്ര അനിവാര്യമാണ്. പരമാവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയാലും ദിവസേന മുപ്പതിനായിരത്തില്‍ ത്താഴെ ആളുകള്‍ക്കു മാത്രമാണു സഞ്ചരിക്കാനാവുക. എന്നാല്‍ ഒരു ദിവസം ശബരിമലയിലെത്തുന്നത് അഞ്ചുലക്ഷത്തില്‍പ്പരം ആളുകളാണ്. ഒരു സീസണില്‍ മാത്രം എത്തുന്ന ആളുകളെ പരിഗണിച്ചു പദ്ധതി നടപ്പാക്കുന്നതു റെയില്‍വേക്കു വലിയ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു പാടേ അവഗണിച്ചും ആവശ്യമായ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താതെയുമാണു പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

പദ്ധതി ചെങ്ങന്നൂര്‍-എരുമേലി റൂട്ടിലേക്കു മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ റൂട്ടിലേക്കു മാറ്റിയാല്‍ പാതയുടെ നീളം പരമാവധി 60 കിലോമീറ്ററാണുണ്ടാവുക. ഓരോ ജനപ്രതിനിധികളുടെയും താത്പര്യാര്‍ഥം അവരുടെ ഭാഗം ഒഴിവാക്കിയാണ് ഇപ്പോള്‍ ആറാമത് അലൈന്‍മെന്റുമായി രംഗത്തെത്തിയിരിക്കുന്നത്. അത്തരം ഒഴിവാക്കലുകളെത്തുടര്‍ന്നു കണ്െടത്തിയ പുതിയ അലൈന്‍മെന്റിനാവട്ടെ 117 കിലോമീറ്ററാണുള്ളത്. പദ്ധതിക്കായി അങ്കമാലി ഭാഗത്തു സ്ഥലം ഏറ്റെടുത്ത വകയില്‍ 72 കോടി രൂപ ബാധ്യതയായി നില്‍ക്കുമ്പോഴാണ് 1500 കോടിയുടെ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദ്ദിഷ്ടപാത വരുന്ന സ്ഥലം എന്ന പേരുയര്‍ന്നതിനാല്‍ ബാങ്ക് വായ്പപോലും ലഭിക്കാത്ത വിധം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ആന്റോ മാങ്കൂട്ടം, മുരളി മേച്ചേരി, മോഹനന്‍ കൊട്ടാരം, ടോമി തെങ്ങുംപള്ളില്‍, ബിനു പെരുമന എന്നിവര്‍ പങ്കെടുത്തു.