ശബരി പാത: ധർണ 1500 ദിനം പിന്നിട്ടു

ശബരി റെയിൽ പാതയുടെ പുതിയ അലൈൻമെന്റിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നടത്തുന്ന ധർണ 1500 ദിവസം പിന്നിടുന്നു. അമ്പാറ ദീപ്‌തി റസിഡന്റ്സ് അസോസിയേഷന്റെയും ദീപ്‌തി ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ അമ്പാറ ദീപ്‌തിഭവനിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരമാണ് 1500 ദിവസം പൂർത്തിയാകുന്നത്. നാലര വർഷത്തോളമായി ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ നടത്തുന്ന സമരത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ്‌ ശബരി പാതയ്ക്കായി പുതിയ അലൈൻമെന്റിൽ അധികൃതർ സർവേ നടത്തിയിരിക്കുന്നതെന്ന് ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിൽ, പഞ്ചായത്തംഗങ്ങളായ സി.ബി‌.ശൈലജ, പി.സി.സജീവ്, ബിനു പെരുമന എന്നിവർ പറഞ്ഞു. ശബരി പാതയുടെ നിശ്ചിത അലൈൻമെന്റ് കടന്നുപോകുന്ന വേഴാങ്ങാനം, കീഴമ്പാറ, ചാത്തൻകുളം, കപ്പാട്, ഭരണങ്ങാനം പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ആക്‌ഷൻ കൗൺസിൽ സമരം നടത്തുന്നത്.

സമരത്തിനു പരിഹാരം കാണാതെയാണ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥർ അന്തീനാട്ടിലും കീഴമ്പാറയിലും സർവേക്കെത്തിയത്. നിലവിലുള്ള അലൈൻമെന്റ് സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്‌ടം ഉണ്ടാക്കുന്നതാണെന്ന് സമരക്കാർ പറയുന്നു. രാഷ്‌ട്രീയക്കാരുടെ താൽപര്യമാണ് അലൈൻമെന്റ് മാറ്റുന്നതിനു കാരണമാകുന്നത്. കീഴമ്പാറയിൽതന്നെ അഞ്ച് സർവേകൾ നടന്നു കല്ലിട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ആരംഭിക്കുന്ന പാതയ്‌ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴവരെ പാതയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. അന്തീനാട് മങ്കര വേഴാങ്ങാനം ചൂണ്ടച്ചേരി ദീപ്‌തി പൂവത്തോട് ചാത്തൻകുളം മല്ലികശേരി ആളുറുമ്പ് കപ്പാട് പഴുവത്തടം എസ്റ്റേറ്റ് 28–ാംമൈൽ വഴി എരുമേലിയിൽ അവസാനിക്കുന്നതാണ് നിലവിലെ അലൈൻമെന്റ്.

പാത പൂർണമായും ഉപേക്ഷിക്കണമെന്നാണ് ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിയും സമരസമിതിയും ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പാത കടന്നുപോകുമെന്ന് സൂചിപ്പിച്ച് അധികൃതർ സ്ഥാപിച്ചിരിക്കുന്ന സർവേ കല്ലുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാർക്കു നാലുവർഷത്തോളമായി സ്ഥലം വിൽക്കാനോ പുതിയ നിർമാണ പ്രവർത്തനം നടത്താനോ കഴിയാത്ത അവസ്ഥയിലാണ്. ഇവിടങ്ങളിലെ വസ്തുക്കൾക്കു വായ്‌പയായി പോലും പണം നൽകാൻ ബാങ്കുകൾ തയാറാകുന്നില്ലെന്നും ആരോപണം ഉണ്ട്. ഉപരിപഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഭൂമി പണയപ്പെടുത്തുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യേണ്ടവർക്ക് ഇത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

പരമ്പരാഗത ജല സ്രോതസുകളും കുടിവെള്ള പദ്ധതികളും മണ്ണ് എടുക്കുന്നത്‌ മൂലവും താഴ്‌ന്ന പ്രദേശങ്ങൾ നികത്തുന്നതു മൂലവും നശിക്കും. ഇതോടെ പ്രദേശം തരിശു നിലമാകാനും സാധ്യതയേറെയാണ്. മൂന്നു കുടിവെള്ള പദ്ധതികളും കോറമല തോടും ദീപ്‌തി–ചൂണ്ടച്ചേരി റോഡും പദ്ധതി വരുന്നതോടെ ഇല്ലാതാകും. വിവിധ റെയിൽവേ സോണൽ ഓഫിസുകളിലും മറ്റും സമരസമിതി പരാതി സമർപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. റെയിൽവേ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് മങ്കര ചൂണ്ടച്ചേരി മല്ലികശേരി കപ്പാട വഴി എരുമേലിക്ക് അലൈൻമെന്റ് തയാറാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. റെയിൽവേ നാട്ടിയ സർവേ കല്ലുകൾ പരിശോധിച്ചാൽ ഏകദേശം നൂറോളം കുടുംബങ്ങൾക്കു പദ്ധതി ദുരിതം സമ്മാനിക്കും. റെയിൽവേ ആദ്യം നടത്തിയ അലൈൻമെന്റ് നടപ്പാക്കി പാത നിർമിക്കണമെന്നും പുതിയ പാത നടപ്പിലാക്കിയാൽ ദൂരം വർധിക്കുകയും നഷ്‌ടം കൂടുമെന്നുമാണ് ആക്‌ഷൻ കൗൺസിൽ പറയുന്നത്.