ശബരി റെയിൽപാത സർവേ നാട്ടുകാർ തടഞ്ഞു

പാലാ∙ ശബരി റെയിൽപാതയുടെ പുതിയ ലൈനിനായി സർവേ ആരംഭിച്ചു. അന്തീനാട്ടിൽ ആരംഭിച്ച സർവേ നാട്ടുകാർ ഇന്നലെ തടഞ്ഞു. റോഡിൽ സർവേ നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പുരയിടങ്ങളിൽ സർവേ പാടില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം. ഇതേത്തുടർന്നു തർക്കങ്ങളില്ലാത്ത കൊല്ലപ്പള്ളി, പിഴക് പ്രദേശങ്ങളിൽ പരിശോധന നടത്തി അധികൃതർ മടങ്ങി. മങ്കര, വേഴാങ്ങാനം, കീഴമ്പാറ വഴിയാണു റെയിൽപാതയുടെ പുതിയ സർവേ നടത്തേണ്ടത്.

കേന്ദ്ര റെയിൽവേ ബോർഡ് അംഗീകരിച്ച പഴയ പാത മാറ്റിയാണു പുതിയ സർവേ. പൊലീസ് സംരക്ഷണത്തോടെയാണു റെയിൽവേ നിയോഗിച്ച സ്വകാര്യ ഏജൻസി സർവേ നടത്തുന്നത്. നാട്ടുകാർ സർവേ തട‌സ്സപ്പെടുത്തിയെങ്കിലും പൊലീസ് ഇടപെട്ടില്ല. ഏതുവഴിയാണു റെയിൽപാത എന്നതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നില്ല.

എന്നാൽ, ശബരിപാതയുടെ പുതിയ അലൈൻമെന്റ് കടന്നുപോകുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി, അമ്പാറനിരപ്പ്, ചാത്തൻകുളം പ്രദേശങ്ങളിലെ ജനങ്ങൾ നാളുകളായി സമരത്തിലായിരുന്നു. അന്തീനാട്, മങ്കര, വേഴാങ്ങാനം, കീഴമ്പാറ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളും ജലപദ്ധതികളും പൊളിച്ചുമാറ്റേണ്ടിവരും. കരൂർ പഞ്ചായത്ത് അന്തീനാട് വാർഡിലെ രണ്ടു ജലപദ്ധതികൾ ഇല്ലാതാകും. മേഖലയിലെ പല ഗ്രാമീണ റോഡുകളും മുറിയും.

സ്ഥലം വിട്ടുനൽകുന്നതിൽ ഭൂവുടമകളിൽനിന്നു ശക്തമായ എതിർപ്പുണ്ട്. അന്തീനാട്ടിൽ ളാലം ബ്ലോക്ക് പഞ്ചായത്തിനു സമീപം എത്തി അളനാട് വഴി പാലാ മൂന്നാനിയിലൂടെയായിരുന്നു പഴയ പാത. പുതിയ സർവേ പ്രകാരം പാലാ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാകില്ല. കീഴമ്പാറ ദീപ്തി ഭാഗത്താണു പാലാ സ്റ്റേഷനു നിർദേശമുള്ളത്. ഇതിനിടെ ശബരി റെയിൽവേയ്‌ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിനു റെയിൽവേയും റവന്യു വകുപ്പും നടപടി തുടങ്ങി.

രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലായി 22.1980 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കൊച്ചിയിലെ സതേൺ റെയിൽവേ ചീഫ് എൻജിനീയർ പാലായിലെ ലാൻഡ് അക്വസിഷൻ വിഭാഗം ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ചു നിർദേശം നൽകി. റെയിൽവേ നിർദേശിച്ച മൂന്ന് അലൈൻമെന്റുകളിൽ പുതിയ അലൈൻമെന്റ്് അനുസരിച്ചാണു സ്ഥലമേറ്റെടുക്കുന്നത്. രാമപുരം, വെള്ളിലാപ്പള്ളി, കടനാട് വില്ലേജുകൾ കഴിഞ്ഞുള്ള പ്രദേശങ്ങളിൽ മാത്രമാണു തർക്കങ്ങളുള്ളത്.

റെയിൽവേയും റവന്യു ഉദ്യോഗസ്ഥരും സ്ഥലപരിശോധന നടത്തും. നെല്ലാപ്പാറ, പിഴക് എന്നിവിടങ്ങളിൽ ഉടൻ പരിശോധന ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ഈരാറ്റുപേട്ട നഗരസഭകൾക്കും കാലടി, വാഴക്കുളം, കരിങ്കുന്നം, പൊൻകുന്നം, എരുമേലി തുടങ്ങിയ ടൗണുകൾക്കും ഭരണങ്ങാനം, രാമപുരം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കും ഇടുക്കി ജില്ലയ്‌ക്കും റെയിൽവേ സൗകര്യം ലഭ്യമാക്കുന്നതിനും ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണു ശബരി പാത.

കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ (കീഴമ്പാറ), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി (പാറത്തോട്), എരുമേലി എന്നിവിടങ്ങളിൽ റെയിൽവേ സ്റ്റേഷൻ വരും. പുതിയ റെയിൽ പാതകളിൽ ഏറ്റവും കൂടുതൽ നഗരസഭകൾക്കും ടൗണുകൾക്കും ജില്ലകൾക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. 2800 കോടി രൂപയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് തയാറാക്കപ്പെട്ട അദ്യഘട്ട പദ്ധതിയിൽ 116 കിലോമീറ്റർ റെയിൽപാതയാണു നിർമിക്കപ്പെടുന്നത്.

റെയിൽപാത കടന്നുപോകുന്ന പ്രദേശത്തെ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ കോട്ടയം ജില്ലയിൽ എട്ട് റോഡ് അണ്ടർ ബ്രിജുകളും 11 റോഡ് ഓവർ ബ്രിജുകളും നിർമിക്കും. തൂത്തുക്കുടി–നെടുമ്പാശേരി സീപോർട്ട്–എയർപോർട്ട് റെയിൽവേ പാതയാക്കി മാറ്റുന്നതിനായി എരുമേലിയിൽനിന്നു റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം വഴി പുനലൂരിലേക്ക് ഈ റെയിൽ പാത നീട്ടുന്നതിനാവശ്യമായ പ്രാഥമിക സർവേ റെയിൽവേ മന്ത്രാലയം പൂർത്തിയാക്കിയിട്ടു വർഷങ്ങളായി.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഗതാഗത സൗകര്യങ്ങളിൽ വൻ വികസനം നേടിയെടുക്കാൻവേണ്ടിയുള്ള പദ്ധതികൂടിയാണിത്. എരുമേലി മുതൽ പുനലൂർവരെയുള്ള രണ്ടാം ഘട്ടത്തിൽ റാന്നി, പത്തനംതിട്ട, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിൽ റെയിൽവേ സ്‌റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്. പ്രാഥമിക സർവേ നടത്തി 225 കോടി രൂപയുടെ എസ്‌റ്റിമേറ്റ് വർഷങ്ങൾക്കു മുൻപു തയാറാക്കിയ രണ്ടാം ഘട്ടപദ്ധതിയിൽ 75 കിലോമീറ്റർ റെയിൽപാതയാണു നിർമിക്കപ്പെടുന്നത്.

രണ്ടാംഘട്ട പദ്ധതിയുടെ വിശദ സർവേ നടത്തി നടപടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ശബരി റെയിൽപാതയിലേക്ക് ഏറ്റുമാനൂരിൽനിന്നു 15 കിലോമീറ്റർ മാത്രം ദൂരത്തിൽ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ലിങ്ക് റെയിൽപാതയും റെയിൽവേ മന്ത്രാലയം പരിഗണിച്ചുവരികയാണ്.

ഏറ്റുമാനൂർ ലിങ്ക് റെയിൽപാത നിർമിക്കപ്പെടുന്നതോടെ മാത്രമേ പാലാ വഴി ട്രെയിനെത്തൂ. പുതിയ അലൈൻമെന്റ് അനുസരിച്ചു പാലാ–തൊടുപുഴ റോഡിൽ അന്തീനാട്ടിൽനിന്നു തിരിയുന്ന ശബരി റെയിൽപാത പാലാ–ഇൗരാറ്റുപേട്ട റോഡിൽ കീഴമ്പാറയിലാണെത്തുന്നത്. ലിങ്ക് റെയിൽപാതയിലൂടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ പ്രദേശങ്ങളിൽനിന്നു കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം പ്രദേശങ്ങളിലേക്കുകൂടി ട്രെയിൻ യാത്ര സാധ്യമാകും.

മാത്രവുമല്ല കോട്ടയം– അങ്കമാലി സമാന്തര റെയിൽപാതയും പാലാ–എറണാകുളം സർക്കുലർ റെയിൽപാതയും ഏറ്റുമാനൂർ–പാലാ ലിങ്ക് റെയിൽപാത വഴി സാധ്യമാകും. പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി എന്നീ നഗരങ്ങൾ കൊച്ചിയുടെ ഉപനഗരങ്ങളായി വളർന്നുവരാനുള്ള സാധ്യത കൂടി ലിങ്ക് റെയിൽപാത നിർമിക്കുന്നതുവഴി ലഭിക്കുന്ന സർക്കുലർ റെയിൽപാത തുറന്നുതരുന്നുണ്ട്.