ശബരി റെയിൽവേ: വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി

കോട്ടയം ∙ അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണത്തിൽ പ്രധാനമന്ത്രി ഇടപെട്ടതോടെ ജില്ലയ്ക്കു വീണ്ടും പ്രതീക്ഷ. ജില്ലയിൽ ഇതുവരെ രാമപുരം, കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലാണു സർവേ പൂർത്തിയായിട്ടുള്ളത്. നെല്ലാപ്പാറ വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ–റവന്യു സംയുക്ത സർവേ നടത്തി കല്ലിടാവുന്ന ഘട്ടത്തിലാണ്.

ഇവിടെനിന്നു രാമപുരം, വെള്ളിലാപ്പള്ളി വില്ലേജുകളിലെ സർവേയാണ് ഇപ്പോൾ ആരംഭിച്ചത്. എന്നാൽ മഴമൂലം സർവേ തടസ്സപ്പെട്ടു. ഒപ്പം ചില ഭാഗത്തുനിന്നു പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ ‘ഡ്രോൺ’ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ സർവേ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ സംഘം. ശബരി റെയിൽപാതയുടെ നടപടികൾ വേഗത്തിലാക്കാൻ വേണ്ടി 2016ൽ 40 കോടി രൂപയാണ് അനുവദിച്ചത്.

ഈ വർഷം 213 കോടി രൂപയും സ്ഥലം ഏറ്റെടുപ്പിന് അനുവദിച്ചു. എന്നാൽ 2016ൽ സംസ്ഥാന സർക്കാർ ചെലവിന്റെ പകുതി നൽകാം എന്നു തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കുകയും അതു കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. ഇതോടെ വീണ്ടും പ്രതീക്ഷയായി. ഇതിനിടെ പ്രധാനമന്ത്രി ചീഫ് സെക്രട്ടറിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ പദ്ധതിയുടെ മുഴുവൻ തുകയും കേന്ദ്ര സർക്കാർ വഹിക്കുന്നതു പരിഗണിക്കാം എന്നറിയിച്ചതോടെ സംസ്ഥാന സർക്കാർ പകുതിവിഹിതം നൽകുന്നതിൽനിന്നു പിന്മാറി.

ഇതോടെ വീണ്ടും പദ്ധതി പ്രതിസന്ധിയിലായി. പ്രധാനമന്ത്രിയുടെ നിലപാട് അധികൃതർ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഇപ്പോഴും ഇതു സംബന്ധിച്ചു രേഖാമൂലം അറിയിപ്പു ലഭിച്ചിട്ടില്ലെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്. ശബരിപാതയ്ക്കുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടു പാലായിൽ തുടങ്ങിയ ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ജില്ലയിലെ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പു ജോലിക്ക് ഇവിടെനിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. പുതുതായി രണ്ട് ഓഫിസുകൾകൂടി തുടങ്ങി നടപടികൾ വേഗത്തിലാക്കാനും കേന്ദ്രസർക്കാർ കോട്ടയം, എറണാകുളം ജില്ലാ കലക്ടർമാർക്കു നിർദേശം നൽകിയിരിക്കുകയാണ്.

ശബരി റയിൽവേ പദ്ധതി ഇങ്ങനെ:
∙ 1997–98ൽ നടപടികൾ ആരംഭിച്ചു.
∙ കേന്ദ്ര ആസൂത്രണ കമ്മിഷന്റെയും കേന്ദ്രസർക്കാരിന്റെയും അനുമതി 1998ൽ ലഭിച്ചു.
∙ ശബരി റെയിൽവേ നിർമാണം രണ്ടു ഘട്ടങ്ങളായി.
∙ സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ–2005.
∙ സ്ഥലം സർവേ ആരംഭിക്കൽ–2007. ആദ്യഘട്ടം: അങ്കമാലി–എരുമേലി ദൂരം: 119 കിലോമീറ്റർ റൂട്ട്: അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, കൊല്ലപ്പള്ളി, അന്തീനാട്, മങ്കരവഴി, കീഴമ്പാറ, ചെമ്മലമറ്റം, പൊൻകുന്നം, എരുമേലി. നിർദിഷ്ട സ്റ്റേഷനുകൾ രാമപുരം (പിഴക് സ്റ്റേഷൻ), കീഴമ്പാറ (പാലാ സ്റ്റേഷൻ) ചെമ്മലമറ്റം സ്റ്റേഷൻ)
∙ സർവേ ആരംഭിച്ചിട്ട് ഒരുമാസം. കീഴമ്പാറവരെ സർവേ പൂർത്തിയായി.
∙ ആദ്യഘത്തിന്റെ എസ്റ്റിമേറ്റ് തുക 550 കോടി രൂപ. പിന്നീട് 2012ൽ ഈ തുക പുതുക്കി 1680 കോടി രൂപയാക്കി.
∙ ടണലുകൾ – 21
∙ പാലങ്ങൾ – 28
∙ റോഡ് മേൽപാലങ്ങൾ – 25 (എറണാകുളം–ഒൻപത്, ഇടുക്കി–അഞ്ച്, കോട്ടയം–11)
∙ റോഡ് അടിപ്പാതകൾ– 21 (എറണാകുളം–13, ഇടുക്കി–രണ്ട്, കോട്ടയം–ആറ്) പദ്ധതി ഇതുവരെ
∙ അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതി നിർമാണ അനുമതി ലഭിച്ച് 17 വർഷം കഴിഞ്ഞിട്ടും ഏഴു കിലോമീറ്റർ റെയിൽപാളം, കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാർ റെയിൽവേ പാലം എന്നിവയാണ് പൂർത്തിയായത്. ബാക്കി അനിശ്ചിതത്വത്തിൽ നിൽക്കുകയാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പാതയുടെ സ്ഥലം ഏറ്റെടുപ്പും നടത്തിയിട്ടുണ്ട്.

പദ്ധതിക്കായി റെയിൽവേ റവന്യു ഉദ്യോഗസ്ഥർ സംയുക്ത സർവേ നടത്തി കല്ലിട്ടു തിരിച്ച് ഏറ്റെടുക്കൽ വിജ്ഞാപനം ചെയ്ത സ്ഥലം ക്രയവിക്രയം ചെയ്യാൻ പോലും കഴിയാതെ ഉടമകൾ അനിശ്ചിതത്വത്തിലാണ്. കോട്ടയം ജില്ലയിലാണു പദ്ധതിക്ക് ഏറ്റവും അധികം എതിർപ്പ് നേരിടേണ്ടി വന്നത്.