ശമ്പളക്കുടിശ്ശിക ചോദിച്ചു:ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

മുണ്ടക്കയം: ശമ്പളക്കുടിശ്ശിക ചോദിച്ച തൊഴിലാളിയെ ഹോട്ടലുടമ നിയോഗിച്ച ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ കൊല്ലം തഴവ പെരുന്തോട്ടത്തില്‍ വീട്ടില്‍ ബിനുവിനാണ് (ഉണ്ണി 39) പരിക്കേറ്റത്.ബിനുവിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ തലയ്ക്ക് 26 തുന്നലുകള്‍ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ വരിക്കാനി കോഹിന്നൂര്‍ അബ്ദുള്‍ റസാക്ക്(58), അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ കരിനിലം പുതുപറമ്പില്‍ ജയപ്രകാശ് (38),അമരാവതി കല്ലൂപറമ്പില്‍ അനൂപ്കുമാര്‍(കണ്ണന്‍ 29) എന്നിവരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതിങ്ങനെ. ബസ് സ്റ്റാന്‍ഡ് കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഒന്നാം നിലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു ബിനു. 400 രൂപ ദിവസ വേതനത്തില്‍ ജോലി ചെയ്ത ഇയാള്‍ വേതനം 600 രൂപയായി ഉയര്‍ത്തണമെന്ന് കഴിഞ്ഞയിടെ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉടമ നിരാകരിച്ചു. ശമ്പളക്കുടിശ്ശികയായ 28,000 രൂപ നല്‍കണമെന്നും ലഭിക്കാതെ വീട്ടില്‍ പോകില്ലെന്നും പറഞ്ഞ് ബിനു ഹോട്ടലിന്റെ ഒന്നാം നിലയിലെ മുറിയില്‍ കയറി ഇരുന്നു. ബിനുവിനെ മുറിയില്‍നിന്ന് പറഞ്ഞുവിടാന്‍ ഉടമ അബ്ദുള്‍ റസാക്ക് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്തു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ബിനു താമസിച്ചിരുന്ന മുറിയിലെത്തി ബിനുവിനോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച ബിനുവിനെ വിറകുകമ്പുകൊണ്ട് മര്‍ദ്ദിക്കുകയും ഹോട്ടലിന്റെ അടുപ്പില്‍ കത്തിക്കൊണ്ടിരുന്ന വിറക് കമ്പുകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെള്ളലേല്‍പ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ബിനുവിന്റെ ഇടതുകൈയുടെ വിരലുകള്‍ ഒടിഞ്ഞു. തലയ്ക്ക് പൊട്ടലുകള്‍ ഉണ്ടായി.

വിവരമറിഞ്ഞ് മുണ്ടക്കയം എസ്.ഐ ഡി.എസ്. ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടി. കാഞ്ഞിരപ്പള്ളി സി.ഐ എന്‍.ജി. ശ്രീമോന്റെ നേതൃത്വത്തില്‍ പ്രതികളുമായി ഹോട്ടലില്‍ എത്തി തെളിവെടുത്തു. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. പത്തോളം കേസിലെ പ്രതിയാണ് ജയപ്രകാശ്. ആറ് കേസിലെ പ്രതിയാണ് അനൂപ്കുമാര്‍. ഒളിവിലായ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.