ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പ്; കോട്ടയം സ്വദേശിക്കെതിരെ കൂടുതല്‍ പരാതികള്‍


പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസില്‍ അറസ്റ്റിലായ കോട്ടയം സ്വദേശിക്കെതിരെ കൂടുതല്‍ പരാതികള്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് കോഴിക്കോട് കൊടുവള്ളി പൊലീസ് പിടികൂടിയ അരുണ്‍ പി.രവീന്ദ്രനെതിരെ വിപുലമായ അന്വേഷണം തുടങ്ങി. ഡല്‍ഹിയിലെ ബന്ധങ്ങളാണ് തട്ടിപ്പിന് സഹായമായതെന്ന പരാതിയും പരിശോധിക്കുമെന്ന് വടകര റൂറല്‍ എസ്.പി അറിയിച്ചു.   

പൊലീസ് പിടിയിലാകും വരെ അരുണ്‍ ഡി.ആര്‍.‍ഡി.ഒയുടെ സീനിയര്‍ അസിസ്റ്റന്റ് സയന്റിസ്റ്റ് എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. രണ്ട് തിരിച്ചറിയല്‍ കാര്‍ഡും കൈയ്യിലുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമായി സൗഹൃദമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ജോലിക്കായി തന്നെ സമീപിക്കുന്നവരെ അരുണ്‍ കാണിച്ചിരുന്നു. നരിക്കുനി സ്വദേശി നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം അവസാനമാണ് അരുണിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തി അയ്യായിരം രൂപയും രണ്ട് പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. അറസ്റ്റിന് പിന്നാലെ അരുണ്‍ താമസിച്ച പന്നൂരിലെ ഫ്ളാറ്റില്‍ നിന്ന് ലാപ്ടോപ്, നാല് മൊബൈല്‍ ഫോണ്‍, രണ്ട് പെന്‍ ഡ്രൈവ് എന്നിവയും കണ്ടെടുത്തു. 

നിരവധി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യാജരേഖകളും ഇയാളില്‍ നിന്ന് പിടികൂടി. ആദ്യഘട്ടത്തില്‍ അതീവ ഗൗരവമുള്ള വിഷയമെന്ന മട്ടിലുള്ള അന്വേഷണമുണ്ടായില്ല. ഉന്നതബന്ധം സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ വടകര റൂറല്‍ എസ്.പി എ.ശ്രീനിവാസ് റിപ്പോര്‍ട്ട് േതടി. അന്വേഷണച്ചുമതലയുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസന്‍ കൊടുവള്ളി പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ അടുത്തദിവസം എസ്.പിയെ അറിയിക്കും.  

ഡി.ആര്‍.ഡി.ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ച വിവരം കേരള പൊലീസ് കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോ, മിലിട്ടറി ഇന്റലിജന്‍സ് എന്നിവര്‍ അരുണിനെ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വലിയ തട്ടിപ്പുകള്‍ നടത്തിയതിന് പിന്നാലെയാണ് കോട്ടയം ചങ്ങനാശേരി സ്വദേശിയായ അരുണ്‍ കോഴിക്കോട്ടെത്തിയതെന്നാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായിട്ടുണ്ടെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് പൊലീസ് നിഗമനം.