ശിവരാത്രി ഉത്സവം നാളെയും മറ്റെന്നാളും

ചിറക്കടവ്∙ കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലും ചിറക്കടവ് മഹാദേവക്ഷേത്രം ‘ഓം നമശിവായ’ മന്ത്രോച്ചാരണത്തിൽ മുഴുകും. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെയും മറ്റെന്നാളും നടക്കും. നാളെ വൈകിട്ട് 7.30ന് കാവടി ഹിഡുംബൻ പൂജ. 13ന് രാവിലെ അഞ്ചു മുതൽ പതിവ് പൂജകൾ, ഒൻപതിന് ചെറുവള്ളി, താന്നുവേലി ക്ഷേത്രങ്ങളിൽ ദർശനവും ഭിക്ഷയും, വൈകിട്ട് അഞ്ചു മുതൽ കാഴ്ചശ്രീബലി, ഏഴു മുതൽ കെപിഎസി രവിയുടെ സംഗീത സദസ്സ്, രാത്രി ഒൻപതിന് കാവടി നിറയ്ക്കുവാൻ പുറപ്പാട്, 10.15ന് സോപാനസംഗീതം, 11 മുതൽ കാവടി അഭിഷേകം, 12ന് ശിവരാത്രി പൂജ, 12.30ന് വിളക്ക്, ഒന്നു മുതൽ കാഞ്ഞിരപ്പള്ളി മൂകാംബിക ഓർക്കസ്ട്രയുടെ ഭക്തിഗാനമേള എന്നിവ നടക്കും. സർവ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇതുതന്നെ. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

∙ വ്രതം ഇങ്ങനെ: ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഭസ്മധാരണത്തോടെ ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ ഉപവാസമാണ് വേണ്ടത്. അതിനു സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യമോ, കരിക്കിൻ വെള്ളമോ, പഴമോ കഴിക്കാം. പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണം എന്നിവ ഭക്തിപൂർവം ചൊല്ലണം. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിലകൊണ്ട് അർച്ചന, ജലധാര എന്നിവ നടത്തുന്നതും വിശിഷ്ടമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. പഞ്ചാക്ഷരീ മന്ത്രമായ ‘ഓം നമശിവായ’ 108 തവണ ഭക്തിപൂർവം ചൊല്ലാം.