ശുചീകരണ യജ്ഞം; വാഴൂരില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഈ മാസം 11, 12 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. അജൈവ മാലിന്യങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പൂര്‍ത്തിയായി വരുന്നു.

ആദ്യഘട്ടമായി ബ്ലോക്ക്തല ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പഞ്ചായത്തുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്റും ലഘുലേഖ വിതരണവുമുണ്ട്. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ പ്രവര്‍ത്തകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. 

കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ 11ന് രാവിലെ 9.30ന് വിവിധ സംഘടനകളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ കറുകച്ചാല്‍ ടൗണില്‍ ശുചീകരണം നടത്തും. 12ന് നടക്കുന്ന വാര്‍ഡ്തല ശുചീകരണത്തിനായി ഓരോ വാര്‍ഡിലും വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ 50 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. കറുകച്ചാല്‍ എന്‍.എസ്.എസ് ജംഗ്ഷനില്‍ പഴയ പഞ്ചായത്ത് ഓഫീസ് കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് കളക്ഷന്‍ സെന്റര്‍ സജ്ജീകരിക്കുന്നത്.

  വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ യജ്ഞത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കിണറുകളുടെ ക്ലോറിനേഷന്‍ പുരോഗമിക്കുന്നു.  11ന് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലും 23 അങ്കണവാടികളിലും 12ന് വാര്‍ഡ് തലത്തിലും ശുചീകരണം നടത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. പുളിക്കല്‍കവല, കൊടുങ്ങൂര്‍, ചാമംപതാല്‍ എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകള്‍. 

വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ യജ്ഞത്തോടനുബന്ധിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വെള്ളാവൂര്‍, മണിമല, താഴത്തു വടകര എന്നിവിടങ്ങളിലെ കളക്ഷന്‍ സെന്ററുകളിലെത്തിക്കും.

കങ്ങഴ പഞ്ചായത്തില്‍ 11ന് ഓഫീസുകളും ജംഗ്ഷന്‍ പരിസരവും ശുചീകരിക്കും. 12ന് വാര്‍ഡ് തലത്തില്‍ ശുചീകരണം നടത്തി മാലിന്യങ്ങള്‍ ശേഖരിക്കും. മൂന്നു മാസം മുമ്പ് പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയിരുന്നു.

ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മാസം നടത്തിയ ശുചീകരണ യജ്ഞത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു. 11, 12 തീയതികളിലെ വാര്‍ഡ്തല ശുചീകരണത്തെ തുടര്‍ന്ന് 16,17,18,20 തീയതികളില്‍ ആയുര്‍വേദ – അലോപ്പതി – ഹോമിയോപ്പതി സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തും. 16ന് തെക്കേത്തു കവല എന്‍.എസ്.എല്‍.പി.സ്‌കൂള്‍, 17ന്  പൊന്‍കുന്നം ടൗണ്‍ ഹാള്‍, 18ന് ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ കാവുംഭാഗം, 20ന് മണ്ണംപ്ലാവ് കിഴക്ക് ഭാഗം എന്‍.എസ്.എസ് കരയോഗം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിലാണ് സെമിനാറും ക്യാമ്പും പ്രതിരോധമരുന്നു വിതരണവും നടത്തുന്നത്.

നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ ശുചീകരണ യജ്ഞം 11ന് രാവിലെ നെടുംകുന്നം പൊതു മാര്‍ക്കറ്റ് ശുചീകരിച്ചു കൊണ്ടാണ് തുടങ്ങുക. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യുന്നതും ബോധവത്ക്കരണ നോട്ടീസ് വിതരണവും പുരോഗമിക്കുന്നു. നെടുംകുന്നം പൊതുമാര്‍ക്കറ്റിലാണ് കളക്ഷന്‍ സെന്റര്‍ സജ്ജീകരിക്കുന്നത്.