ശ്രീധരന്‍ നായരുടെ മൊഴി പുറത്ത് സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടു

സതിതാ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസില്‍ ചെന്ന് കണ്ടിരുന്നുവെന്ന ശ്രീധരന്‍ നായരുടെ മൊഴി പുറത്ത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ലഭിച്ച 11 പേജുള്ള മൊഴിയുടെ പകര്‍പ്പിലാണ് വിശദാംശങ്ങള്‍ ഉള്ളത്. ലക്ഷ്മി നായരെന്ന സരിതക്കൊപ്പം ഓഫീസില്‍ ചെന്നിരുന്നുവെന്നും അവിടെ ഉദ്യോഗസ്ഥരെല്ലാം വളരെ ഭവ്യതയോടെയാണ് പെറുമാറിയത്. ജോപ്പനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയത്.ചെല്ലുമ്പോള്‍ മുഖ്യമന്ത്രി മുറിയിലുണ്ടായിരുന്നില്ല. പിന്നീട് ശെല്‍വരാജ് എംഎല്‍എക്കൊപ്പം മുഖ്യമന്ത്രിയെത്തുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

തുടര്‍ന്ന് തങ്ങള്‍ക്കരികിലേക്ക് വന്നപ്പോള്‍ ജോപ്പനാണ് ആദ്യം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിച്ചത് സരിതയാണ്. അപ്പോള്‍ സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക് പോകുകയാണെന്നും സോളാര്‍ പോലുള്ള സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും അതിന് അനര്‍ടിന്റെ അനുമതിയുണ്ടാകുമെന്നും സബ്സിഡി ലഭിക്കുമെന്നും മുഖ്യമന്ത്രിയാണ് പറഞ്ഞത്. അതുകഴിഞ്ഞ് താന്‍ കൈയില്‍ കരുതിയിരുന്ന പാറമടകളുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്ക് നല്‍കി. നാട് മുന്നോട്ടു പോകണമെങ്കില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ നിങ്ങളെപ്പോലുള്ളവരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി ശ്രീധരന്‍ നായര്‍ രഹസ്യ മൊഴിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മൊഴിയുടെ പകര്‍പ്പ് വി എസിന് നല്‍കാന്‍ കോടതി ഉത്തരവായത്. കേസില്‍ 25ന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചുവെന്നും അതിനാല്‍ മൊഴിപകര്‍പ്പ് നല്‍കണം എന്നും ആവശ്യപ്പെട്ടാണ് വി എസ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹര്‍ജി നല്‍കിയിരുന്നത്.