ശ്രീശാന്തിനു ജാമ്യം

srs3
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനു ജാമ്യം. ദല്‍ഹി സാകേത് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിന്‍്റെയും രണ്ട് ആള്‍ജാമ്യത്തിന്‍്റെയും ഉറപ്പിലാണ് ജാമ്യം. രാജ്യം വിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും ശ്രീശാന്തിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീശാന്തിനു പുറമെ കേസില്‍ അറസ്സിലായ മറ്റ് 17 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

ശ്രീശാന്തിനെതിരെ ദല്‍ഹി പൊലീസ് മോക്ക നിയമം ചുമത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നിലനില്‍ക്കുന്നതല്ല. ഇതിനു പൊലീസ് ചുമത്തിയ തെളിവുകള്‍ പര്യാപ്തമല്ല. വഞ്ചന, ഗൂഡാലോചന, ക്രിമിനല്‍ വിശ്വാസവഞ്ചന കുറ്റങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ല. ശ്രീശാന്തിന് അധോലോക ബന്ധമുണ്ടെന്ന വാദം തെളിയിക്കാന്‍ പൊലീസിനു കഴിഞ്ഞില്ളെന്നും കോടതി വ്യക്തമാക്കി.

സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്‍ 1999ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മോക്ക).