ശ്രീശാന്തിനെതിരായ നിര്‍ണ്ണായക തെളിവുകള്‍ മുംബൈ പൊലീസിന്

aes2

വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടതിന്‍റെ തെളിവുകള്‍ മുംബൈ പൊലീസിന് ലഭിച്ചതായി സൂചന. വാതുവെപ്പുകാരന്‍ ജൂപ്പിറ്ററുമായുള്ള ശ്രീശാന്തിന്റെ അടുപ്പം തെളിയിക്കുന്ന വിവരങ്ങള്‍ ലാപ്ടോപ്, മൊബൈല്‍ പരിശോധനയില്‍ ലഭിച്ചതായി അറിയുന്നു. ജുപ്പിറ്ററിനൊപ്പമുള്ള ശ്രീശാന്തിന്‍റെ ഫോട്ടോകള്‍ ലാപ്ടോപില്‍ നിന്നും ലഭിച്ചതായാണ് മുംബൈ പോസീസിലെ ചിലര്‍ പറയുന്നത്.

ജുപ്പിറ്ററിനോടും ജിജുവിനോടും നടത്തിയ സംഭാഷണ രേഖകള്‍ പക്ഷെ മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനായി മുംബൈ പൊലീസ് വിദഗ്ധ സഹായം തേടിയതായി അറിയുന്നു.‍ ശ്രീശാന്തിന്‍റെ മൊബൈല്‍ ഫോണില്‍ ചില പേരുകള്‍ രഹസ്യ കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പറുകളും പരിശോധിച്ചുവരികയാണ്. ശ്രീശാന്തിന്‍റെ സോഷ്യല്‍ മീ‍ഡിയാ സൈറ്റുകളല്‍ കൂടി പരിശോധിക്കാനുള്ള അനുമതിക്ക് മുംബൈ പൊലീസ് ശ്രമം തുടങ്ങി ശ്രീശാന്തിന് മോ‍ഡലുകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്‍കിയ ഒരു ബോളിവുഡ് കാസ്റ്റിംഗ് ഡയരക്ടറും നിരീക്ഷണത്തിലാണ്.

ഇയാളുമായി നടത്തിയ സംഭാഷണ ശകലങ്ങളും മുംബൈ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഡലുകളെ വാതുവെപ്പുകാര്‍ സന്ദേശ വാഹകരായി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. മുംബൈയിലെ ഹോട്ടലില്‍ പിടിയിലാകും മുമ്പ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒരു അതിഥിയെ ശ്രീശാന്ത് കാറയച്ച് കൊണ്ടുവന്നിരുന്നു. ഇയാള്‍ ജൂപ്പിറ്ററാണോ എന്നും പരിശോധിച്ച് വരികയാണ്. ഒപ്പം ശ്രീശാന്തിന്‍‍റെ ഹോട്ടല്‍ ബില്ലുകള്‍ കണക്ക് തീര്‍ത്ത് അടച്ച അ‍ജ്ഞാതനിലേക്കും അന്വേഷണം നീളുന്നു. ശ്രീശാന്ത് അറസ്റ്റിലായശേഷമാണ് ബില്ലടച്ചതെന്ന് അറിയുന്നു.

ശ്രീശാന്തും ഇടനിലക്കാരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും മറാഠ നടിയുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പോലീസിന് ലഭിച്ചത്. ശ്രീശാന്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും ഗുളികകളും കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ അറസ്റിലാകുന്നതിനു മുമ്പു തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു പുറത്താക്കിയിരുന്നു.