ശ്രീശാന്ത് ജയില്‍ മോചിതനായി.
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ജയില്‍ മോചിതനായി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 8.20 ഓടെയാണ് ശ്രീശാന്ത് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശ്രീയെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ജയില്വളപ്പിലുണ്ടായിരുന്നു. രാവിലെ ജയില്‍മോചിതനാകുമെന്നായിരുന്നു കരുതിയതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാല്‍ രാത്രിയാകുകയായിരുന്നു.
ബുധനാഴ്ച ശ്രീശാന്ത് കേരളത്തിലേക്ക് എത്തുമെന്നാണ് ബന്ധുക്കള്‍ നല്കുന്ന വിവരം.
കഴിഞ്ഞ മാസം 16നാണ് ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സ് താരമായ ശ്രീശാന്തുള്‍പ്പെടെയുള്ളവര്‍ മുംബൈയില്‍ നിന്നും ഡല്‍ഹി പോലീസിന്റെ വലയിലായത്. 12 ദിവസത്തോളം പോലീസ് കസ്റഡിയില്‍ കഴിഞ്ഞ ശ്രീശാന്തിനെ കഴിഞ്ഞ 28ന് ജുഡീഷല്‍ കസ്റഡിയില്‍ വിടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീശാന്തിനെ തിഹാര്‍ ജയിലിലേക്കു മാറ്റിയത്. ജാമ്യത്തിനുള്ള നീക്കം ആരംഭിച്ച ഉടന്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള മക്കോക്ക നിയമം കൂടി പോലീസ് ചുമത്തുകയായിരുന്നു. ഇതാണ് ജാമ്യം വൈകിപ്പിച്ചത്. മക്കോക്ക നിയമം ചുമത്തിയാല്‍ സെഷന്‍സ് കോടതിക്ക് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂ. തുടര്‍ന്നാണ് സാകേതിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനയകുമാര്‍ ഖന്നയുടെ മുന്‍പാകെ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ശ്രീശാന്തിന്റെ സുഹൃത്തും ക്രിക്കറ്റ് ആരാധകനുമായ രജീന്ദര്‍ സിംഗ് ആണ് ശ്രീശാന്തിന് വേണ്ടി ജാമ്യം നിന്നത്. 50,000 രൂപയുടെ ബോണ്ടിന് പകരം തന്റെ അക്കൌണ്ടിലുള്ള 13 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപ രസീതാണ് ഇയാള്‍ കോടതിയില്‍ നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മത്സരത്തിനിടെയാണ് ഇയാള്‍ ശ്രീശാന്തുമായി പരിചയപ്പെട്ടത്. പിന്നീട് പരിചയം സൌഹൃദത്തിന് വഴിമാരുകയായിരുന്നു.