ഷവർമയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി ഷവർമ നിർമാണവും വിൽപനയും പൊടിപൊടിക്കുന്നു. വൃത്തിയുള്ള അന്തരീക്ഷത്തിൽ പാകം ചെയ്തില്ലെങ്കിൽ കഴിക്കുന്നയാൾക്കു മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതാണു ഷവർമ. ഗ്രിൽഡ് ചിക്കൻ ഇനങ്ങളാണ് ഇത്തരത്തിൽ തുറന്നു വിൽപന നടത്തുന്നതിൽ മറ്റൊരു ഭക്ഷ്യവസ്തു.

ഷവർമയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഷവർമയുണ്ടാക്കുന്ന സ്ഥലം ഈച്ച, പൊടി, മറ്റു മാലിന്യങ്ങൾ എന്നിവയിൽനിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണം.
∙ മാംസം വൃത്തിയുള്ള ഫ്രീസറിൽ 18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മാംസം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാൻ പാടില്ല.
∙ സ്ഥാപനത്തിലുപയോഗിക്കുന്ന വെള്ളം ആറ് മാസത്തിലൊരിക്കൽ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിച്ച് റിപ്പോർട്ട് സ്ഥാപനത്തിൽ സൂക്ഷിക്കണം.

∙ ജീവനക്കാർ വൃത്തിയുള്ള വേഷവിധാനങ്ങൾ (ഏപ്രൺ, തലപ്പാവ് തുടങ്ങിയവ) ധരിക്കുകയും വൃത്തിയുള്ളവരുമായിരിക്കണം.
∙ മയോണൈസ് സ്ഥാപനത്തിൽ ഉണ്ടാക്കുകയാണെങ്കിൽ അതതു ദിവസത്തെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുകയും അടച്ചുറപ്പുള്ള പാത്രത്തിൽ ഊഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കുകയും വേണം. ആവശ്യത്തിനു മാത്രം പുറത്തെടുത്ത് ഉപയോഗിക്കുകയും ബാക്കിവരുന്നത് അതതു ദിവസം തന്നെ നശിപ്പിക്കുകയും വേണം.
∙ കാബേജ്, ഉള്ളി, മറ്റു പച്ചക്കറികൾ എന്നിവ ഉപയോഗിക്കുന്നതിനു മുൻപ് ഉപ്പ്, പുളി എന്നിവ ചേർത്ത വെള്ളത്തിൽ മുക്കിവച്ചു കീടനാശിനി വിമുക്തമാക്കി ശുദ്ധമായ ജലത്തിൽ കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.

∙ ഭക്ഷണ വിതരണത്തിനു മുൻപായി പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ കഴുകി അണുനാശം വരുത്തണം.
∙ ഇറച്ചി കഴുകി വൃത്തിയാക്കുന്നതിനു രോഗാണുമുക്തമായ ജലം ഉപയോഗിക്കണം.
∙ കൃത്രിമ നിറങ്ങൾ, മോണോസോഡിയം ഗ്ലൂട്ടമേറ്റ്, മറ്റു നിരോധിത രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.
∙ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഷവർമ പാഴ്സലായി നൽകരുത്. ഈ വിവരം ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.