സംഗീതത്തിലൂടെ രോഗത്തെ മറികടന്ന് സതീഷ് ചന്ദ്രൻ

പൊൻകുന്നം ∙ വൈകല്യത്തെ പാടി തോൽപ്പിക്കുകയാണ് സതീഷ് ചന്ദ്രൻ എന്ന വില്ലേജ് ഓഫിസ് ജീവനക്കാരൻ. ഓരോ കച്ചേരി കഴിയുമ്പോഴും കിട്ടുന്ന പ്രോത്സാഹനങ്ങളാണ് സെറിബ്രൽ പാഴ്‌സി രോഗം നൽകിയ വൈകല്യം മറികടക്കാനുള്ള ആത്മവിശ്വാസം നൽകുന്നതെന്നു സതീഷ് ചന്ദ്രൻ പറയുന്നു. ഇളങ്ങുളം കുളങ്ങരപുല്ലാട്ട് പരേതരായ രാമചന്ദ്രൻ നായർ-കല്യാണിയമ്മ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനായ സതീഷ് ചന്ദ്രൻ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസിലെ പാർട്‌ടൈം ജീവനക്കാരാനാണ്.

11 വർഷമായി ക്ഷേത്രങ്ങളിൽ സംഗീതക്കച്ചേരി നടത്തുന്നു. ഇതിനൊപ്പം മിമിക്രിയും കവിതാ ആലാപനത്തിലും കഴിവു തെളിയിച്ച ഈ മുപ്പത്തേഴുകാരൻ സംസ്ഥാന കേരളോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. പനമറ്റം ഹരികൃഷ്ണനാണ് കച്ചേരിയിലും മിമിക്രിയും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുള്ള സതീഷ് ചന്ദ്രന്റെ ഗുരു.

എല്ലവർഷവും ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കും. എന്റെ അമ്മുക്കുട്ടി എന്ന ടെലിഫിലിമിൽ അഭിനയിച്ചു. ചിത്രീകരണം തുടങ്ങുന്ന ഐരാവതം സിനിമയിൽ വേഷം ചെയ്യുന്നുണ്ട്. അവിവാഹിതനായ സതീഷ് ചന്ദ്രനും ബസ് ജീവനക്കാരനായ ഇളയ സഹോദരനും അടങ്ങുന്നതാണ് കുടുംബം.

ജന്മനാൽകണ്ട രോഗം പൂർണമായും ഭേദമായെങ്കിലും 40% വൈകല്യം ഇപ്പോഴുമുണ്ട് സതീഷ് ചന്ദ്രന്. നന്നേ ചെറുപ്പത്തിൽ അച്ഛൻ നഷ്ടപ്പെട്ട ഇരുവർക്കും അമ്മയായിരുന്നു തുണ. വില്ലേജ് ഓഫിസ് പിടിഎസ് ആയിരുന്ന അമ്മ കല്യാണിയമ്മയുടെ മരണശേഷം ജോലി സതീഷ് ചന്ദ്രനു ലഭിക്കുകയായിരുന്നു.