സംരക്ഷണഭിത്തി തകർന്ന് വൻകുഴി; യാത്രക്കാർക്ക് ഭീഷണി

മുണ്ടക്കയം ∙ ദേശീയപാതയോരത്തെ സംരക്ഷണഭിത്തി തകർന്നു കുഴി രൂപപ്പെട്ടത് അപകട ഭീഷണിയാകുന്നു. 31–ാം മൈൽ സഹകരണ ബാങ്കിനും ഗ്യാസ് ഏജൻസിക്കും സമീപമുള്ള വളവിലാണ് റോഡരികിൽ തിട്ടയിടിഞ്ഞു കുഴി രൂപപ്പെട്ടത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡ് കുഴികൾ നികത്തി ടാർ ചെയ്തെങ്കിലും റോഡിനു വെളിയിൽ ഉണ്ടായ കുഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയില്ല.

അപകടസൂചനാ മുന്നറിയിപ്പായി ഒരു വീപ്പയും അതിൽ ചുറ്റിയുള്ള കുറെ വള്ളികളും മാത്രമാണ് ഇപ്പോൾ സുരക്ഷാ മുന്നറിയിപ്പ്. ഇരുവശത്തേക്കും നിരപ്പായ റോഡ് ആയതിനാൽ വാഹനങ്ങൾ ഇവിടെ വേഗത്തിൽ എത്തുന്നതു പതിവാണ്. വലിയ വാഹനങ്ങൾ നേർക്കുനേർ എത്തുമ്പോൾ റോഡിനു വെളിയിൽ ഇറങ്ങേണ്ട അവസ്ഥ ഉണ്ടായാൽ കുഴിയിലേക്കു മറിയുവാനും അപകടമുണ്ടാകുവാനും സാധ്യതയുണ്ട്. തിട്ടയിടിഞ്ഞ് കുഴി വലുതായി റോഡ് തകരുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.