സംവിധാനങ്ങൾ ആധുനികമായി; പക്ഷേ വൈദ്യുതിമുടക്കം പതിവു പോലെ

കാഞ്ഞിരപ്പള്ളി ∙ ടൗണിൽ വൈദ്യുതി വിതരണം ഏരിയൽ ബഞ്ച്ഡ് കേബിൾ സിസ്റ്റത്തിലായിട്ടും വൈദ്യുതി മുടക്കത്തിനു കുറവില്ല. ദിവസവും പല തവണ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഇന്നലെയും രാവിലെ 11നു ശേഷം ഒരു മണിക്കൂറോളം ടൗണിൽ വൈദ്യുതി മുടങ്ങി. കാറ്റിലും മഴയിലും മരങ്ങൾ ഒടി‍ഞ്ഞും കടപുഴകിയും വൈദ്യുതി ലൈനുകളിൽ വീണാണ് മഴക്കാലത്ത് വൈദ്യുതി വിതരണത്തിന് ഏറെയും തടസ്സങ്ങൾ‍ ഉണ്ടാകുന്നത്. സമീപത്തെ തുറന്ന ലൈനുകളിലും ഫീഡറുകളിലും ഉണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ ഇവ മൊത്തമായി ഓഫ് ചെയ്യേണ്ട സ്ഥിതിയാണുള്ളത്.

മഴക്കാലപൂർവ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും റബർ ഉൾപ്പെടെ മരങ്ങൾ തിങ്ങിനിറഞ്ഞ മേഖലയിൽ വൈദ്യുതി തടസ്സം തുടരുകയാണ്. തടസ്സങ്ങൾ ഒഴിവാക്കാൻ ലൈനുകളിൽ ചാഞ്ഞു കിടന്ന മരച്ചില്ലകളും, പടർപ്പും വെട്ടി മാറ്റുന്ന ടച്ച് വെട്ട് ജോലികൾ നടത്തിയിരുന്നു. മഴക്കാല പൂർവ മെയ്‌ന്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്ഫോമറുകളിലും മെയ്‌ന്റനൻസ് നടത്തിയിരുന്നു. താഴ്ന്നു കിടന്ന കമ്പികൾ വലിച്ചുകെട്ടിയും മറ്റും മുൻ മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിലും വൈദ്യുതി തകരാറുകൾക്കു വലിയ കുറവില്ല. കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷനിലും മഴക്കാലത്തിനു മുന്നോടിയായി ട്രാൻസ്ഫോമറുകളിലും അനുബന്ധ ഉപകരണങ്ങളിലും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

എന്നാൽ മഴക്കാലമായതോടെ മരക്കൊമ്പുകളും പടർപ്പും വേഗത്തിൽ വളർന്നു ലൈനുകളിൽ വീഴുന്ന സ്ഥിതിയാണുള്ളതെന്ന് അധികൃതർ പറയുന്നു. കാഞ്ഞിരപ്പള്ളി സെക്‌ഷനിൽ ‍ കാഞ്ഞിരപ്പള്ളി ടൗൺ, എബിസി, എറികാട്, വാളക്കയം, വിഴിക്കിത്തോട് എന്നീ 5 ഫീഡറുകളുടെ പരിധിയിൽ 109 ട്രാൻസ്ഫോമറുകളുണ്ട്. സെക്‌ഷനിൽ വർക്കർ, ലൈൻമാൻ ഓവർസിയർ തുടങ്ങിയ തസ്തികകളിലായി 30 ലൈൻ ജീവനക്കാരാണുള്ളത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വൈദ്യുതി ലൈനുകൾ കൂടുതൽ തകരാറിലാകുന്ന മലയോര മേഖലയിൽ കൂടുതൽ ലൈൻ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.