സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ കിക്കോഫ് കുന്നുംഭാഗത്ത്
കാഞ്ഞിരപ്പള്ളി: സംസ്ഥാന കായിക യുവജന കാര്യാലയം വഴി നടപ്പാക്കുന്ന കിക്കോഫിന് കുന്നും ഭാഗം ഗവൺമെന്റ് സ്കൂൾ മൈതാനം വേദിയാകുന്നു. 25 പെൺകുട്ടികൾക്ക് ഫുട്ബോളിൽ പരിശീലനം നൽകുകയെന്നതാണ് കിക്കോഫിന്റെ ലക്ഷ്യം. ചെറുപ്പത്തിൽ തന്നെ കായിക മികവുള്ള കുട്ടികളെ കണ്ടെത്തി പ്രഫഷണൽ സമീപനത്തോടുകൂടിയ ശാസ്ത്രീയ പരിശീലനം നൽകി ദേശീയ, അന്തർദേശീയ ഫുട്ബോൾ താരങ്ങളാക്കി വാർത്തെടുക്കുകയെന്നതാണ് പദ്ധതി.
പതിനാല് ജില്ലകളിലായി പതിനാല് കേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം. ഇതു സംബന്ധിച്ചുള്ള യോഗം ഡോ. എൻ. ജയരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. കിക്കോഫ് കോ- ഓർഡിനേറ്റർ കുഞ്ഞിക്കോയ, പഞ്ചായത്തംഗം റോസമ്മ ടീച്ചർ, പ്രധാനാധ്യാപിക ഗീത, കായികപരിശീലകൻ ജിമ്മി ഏബ്രഹാം എന്നിവർ പങ്കെടുത്തു.
ജനുവരിവരിയിലാണ് കിക്കോഫിന്റെ ഭാഗമായുള്ള പരിശീലന ക്ലാസ്. ഡിസംബർ 23ന് സെലക്ഷൻ നടക്കും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 പെൺകുട്ടികൾക്ക് നാലു ദിവസം പരിശീലനം നൽകും. ഈ ക്യാമ്പിൽ നിന്നാണ് 25 വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം വീതം രണ്ടു വർഷം പരിശീലനം നീണ്ടു നിൽക്കും. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും. കൂടാതെ സൗജന്യ ഭക്ഷണവും നൽകും.
പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ www.sportskeralakickoff.org എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടാതെ സ്കൂളുകളിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ഫോമും ഇതിനായി പ്രയോജനപ്പെടുത്താം. സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനെത്തുന്നവർ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പിയും, രജിസ്ട്രേഷൻ നമ്പരും കരുതേണ്ടതാണ്.