സച്ചിന്റെ അന്ധവിശ്വാസങ്ങള്‍

s923
ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിശ്വാസമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഒരിക്കലും തകരാത്ത വിശ്വാസം. കാലം ചെല്ലുന്തോറം ആ വിശ്വാസത്തിന് കരുത്തു കൂടുകയല്ലാതെ ഒരിക്കലും അത് തകര്‍ന്നിട്ടില്ല. സച്ചിന്‍ തകര്‍ത്തിട്ടുമില്ല. എന്നാല്‍ ആരാധകലക്ഷങ്ങള്‍ വിശ്വസിക്കുന്ന സച്ചിനും വിശ്വാസമെന്നോ അന്ധ വിശ്വാസമെന്നോ പറയാവുന്ന ചില വിശ്വാസങ്ങളുണ്ട്.

അവയില്‍ ചിലത് ഇങ്ങനെയാണ്. ബാറ്റ് ചെയ്യുമ്പോള്‍ പേസ് ബൗളര്‍മാരല്ല ബൗള്‍ ചെയ്യുന്നതെങ്കില്‍ സാധാരണ ഗതിയില്‍ ബാറ്റ്സ്മാന്‍മാര്‍ ഹെല്‍മെറ്റ് ഒഴിവാക്കി തൊപ്പി അണിഞ്ഞോ അണിയാതെയോ ബാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ ബൗള്‍ ചെയ്യുന്നത് സ്പിന്നറായാലും മീഡിയം പേസറായാലും പേസ് ബൗളറായാലും ഹെല്‍മെറ്റ് അണിഞ്ഞു മാത്രമെ സച്ചിന്‍ ബാറ്റ് ചെയ്യാറുള്ളു.

പവിലിയനില്‍ ബാറ്റിംഗിനു ശേഷമോ ബാറ്റിംഗിനു ഊഴം കാത്തോ (ഓപ്പണറായ ശേഷം അതില്ല) ഇരിക്കുമ്പോള്‍, താന്‍ ഇരിക്കുന്ന ഇരിപ്പിടം വിട്ട് സച്ചിന്‍ മാറാറില്ല. അങ്ങനെ മാറിയാല്‍, അപ്പോള്‍ ബാറ്റു ചെയ്യുന്ന കളിക്കാരിലൊരാള്‍ ഔട്ടാകുമെന്നാണ് സച്ചിന്റെ വിശ്വാസം. അതുപോലെ, പാഡണിയുമ്പോള്‍ ഇടത്തേക്കാലില്‍ മാത്രമെ സച്ചിന്‍ ആദ്യം പാഡണിയൂ. അതിനുശേഷമേ വലത്തേ കാലില്‍ പാഡണിയു.

അച്ഛന്‍ മരിച്ചതിനുശേഷം, കളിക്കാനിറങ്ങുമ്പോഴും അര്‍ദ്ധശതകമോ ശതകമോ പൂര്‍ത്തിയാക്കിയശേഷവും സച്ചിന്‍ ആകാശത്തേക്കു നോക്കും. സച്ചിന് ഇടക്കാലത്ത് ബാധിച്ചിരുന്നൊരു മറ്റൊരു അന്ധവിശ്വാസം തന്റെ ബാറ്റിനെ സംബന്ധിച്ചുള്ളതായിരുന്നു. ഏതൊരു കളിക്കാരനും തന്റെ ബാറ്റ്, ബാറ്റിംഗിനിടെ പോലും മാറ്റുന്ന സാഹചര്യമുള്ളപ്പോഴും സച്ചിന്‍ പരമാവധി ഒരേ ബാറ്റു വെച്ചു മാത്രമെ കളിക്കാറുള്ളു. അപൂര്‍വമായി മാത്രമെ സച്ചിന്‍ പ്രതീക്ഷകളുടെ ഭാരമേറിയ ആ ബാറ്റു മാറ്റുന്നത് ആരാധകര്‍ക്ക് കാണാനുള്ള അവസരം ലഭിച്ചിട്ടുള്ളു. ഇത്തരത്തില്‍ ഒരേ ബാറ്റ് വെച്ചു കളിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്ന സച്ചിന്റെ വിശ്വാസം സത്യമായിട്ടുമുണ്ട്. കാരണം രണ്ടു വര്‍ഷം മുമ്പ് ഉപയോഗിച്ച ബാറ്റ് കൊണ്ട് സച്ചിന്‍ നേടിയത് 15 സെ‍ഞ്ചുറികളായിരുന്നു. അവയിലൊന്ന് ഏകദിനക്രിക്കറ്റിലെ ആദ്യ ഇരട്ടശതകമായിരുന്നു.

ഒരിക്കല്‍ സഹോദരന്‍ അജിത് സമ്മാനമായി നല്‍കിയ പാഡ് സച്ചിന് ഭാഗ്യം കൊണ്ടു വന്നു. ഇതിനുശേഷം എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും ഈ പാഡ് അല്‍പനേരം ധരിക്കുക എന്നത് സച്ചിന്റെ ഒരുശീലമായിരുന്നു. മൈതാനത്തേക്ക് ഇടതു കാല്‍വെച്ച് പ്രവേശിച്ചാല്‍ ഭാഗ്യം വരുമെന്നൊരു വിശ്വാസവും സച്ചിനുണ്ട്. സ്വന്തം സെഞ്ചുറികള്‍ എണ്ണാതിരിക്കുക എന്നതും ഒരു കാലത്ത് സച്ചിന്റെ വിശ്വാസങ്ങളിലൊന്നായിരുന്നു.