സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുന്നു

5
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വിരമിക്കല്‍ തീരുമാനം സച്ചിന്‍ ബിസിസിഐയെ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം സച്ചിന്‍ വിരമിക്കും.

നവംബര്‍ 14 മുതല്‍ 18 വരെ മുംബൈയിലാണ് സച്ചിന്റെ അവസാന ടെസ്റ്റ് ക്രിക്കറ്റ് മത്സരം. നേരത്തെ ഏകദിന ക്രിക്കറ്റില്‍നിന്നും ഐപിഎല്ലില്‍നിന്നം സച്ചിന്‍ വിരമിച്ചിരുന്നു. ഇരുന്നൂറാം ടെസ്റ്റോടെ വിരമിക്കുമെന്നാണു സച്ചിന്‍ ബിസിസിഐയെ അറിയിച്ചത്.

അവിസ്മരണീയമായ 24 വര്‍ഷം നീണ്ട സജീവ ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണു ലിറ്റില്‍ മാസ്റ്റര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐയ്ക്ക് ഇതു സംബന്ധിച്ചു സച്ചിന്‍ കത്തു നല്‍കുകയായിരുന്നു. ക്രിക്കറ്റ് ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ചു തനിക്കു ചിന്തിക്കാനാവില്ലെന്നു കത്തില്‍ സച്ചിന്‍ പറയുന്നു. 11ാം വയസു മുതല്‍ താന്‍ ക്രിക്കറ്റ് കളിക്കുകയാണ്. ലോകം മുഴുവന്‍ തന്റെ രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ബഹുമതിയാണ്. ക്രിക്കറ്റിലുടനീളം തനിക്കു പിന്തുണ നല്‍കിയ ബിസിസിഐയ്ക്കു നന്ദി. കുടുംബത്തിനും ആരാധകര്‍ക്കും അഭ്യുദയകാക്ഷികള്‍ക്കുമെല്ലാം ഒരായിരം നന്ദി – കത്തില്‍ സച്ചിന്‍ പറയുന്നു.