സച്ചിന് ശേഷം ആര്?

schn 41
സച്ചിന് ശേഷം ആര്? ബിസിസിഐയും ക്രിക്കറ്റ് ആരാധകരും തലപുകഞ്ഞ് ആലോചിക്കുന്ന വിഷയമാണിത്.

സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചതോടെ ചര്‍ച്ച സജീവമായിരുന്നു. അനിവാര്യമായ ചോദ്യമാണെങ്കിലും നിരവധി പേരുകള്‍ ഉയര്‍ന്നെങ്കിലും പൂര്‍ണമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. സച്ചിന് ശേഷം ആരെന്ന ചോദ്യം തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്. 34,273 അന്താരാഷ്ട്ര റണ്‍സും 662 അന്താരാഷ്ട്ര മത്സരങ്ങളും 100 അന്താരാഷ്ട്ര സെഞ്ചുറികളും നേടിയിട്ടുള്ള പ്രതിഭയ്ക്കാണ് നാം പകരക്കാരനെ തേടുന്നത്.

ഈ ശൂന്യത എങ്ങനെ നികത്തുമെന്ന വലിയ ചോദ്യമാണ് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ സച്ചിന്‍ നല്‍കിയത്. സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിരാട് കോഹ്ലിയുടെ പേരാണ് പട്ടികയില്‍ തലപ്പത്ത് എത്തുന്നത്. ഏകദിനത്തില്‍ മികച്ച ഫോം തുടരുന്ന കോഹ്ലി ടെസ്റ് അരങ്ങേറ്റവും മോശമാക്കിയില്ല. അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരേ നേടിയ ടെസ്റ് സെഞ്ചുറി കോഹ്ലിയുടെ പ്രതിഭയെ അളക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആറാമനായാണ് കോഹ്ലി ടെസ്റില്‍ ബാറ്റിംഗിനെത്തിയിരുന്നത്.

വി.വി.എസ്.ലക്ഷ്മണ്‍ വിരമിച്ചതോടെ ഒരു സ്ഥാനം മുന്നോട്ട് കയറി. ദീര്‍ഘനാളായി സച്ചിന്‍ വന്നിരുന്ന നാലാം നമ്പര്‍ കോഹ്ലിക്ക് ലഭിക്കുമോ എന്ന് കണ്ടറിയണം. ടെസ്റില്‍ പ്രതീക്ഷയുള്ള മറ്റൊരു താരം ചേതേശ്വര്‍ പൂജാരയാണ്. എന്നാല്‍ ദ്രാവിഡ് വിടവാങ്ങിയതിലൂടെ വന്ന മൂന്നാം നമ്പര്‍ ഒഴിവില്‍ പൂജാര ഉറച്ച മട്ടാണ്.

2003-ല്‍ ടെസ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും ഏകദിനത്തിലും ട്വന്റി-20യിലും മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും യുവരാജിന് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ 31-കാരനായ യുവരാജിന് ഇനി ടെസ്റില്‍ ടീമില്‍ സ്ഥാനം ലഭിക്കുമോ എന്നും ഉറപ്പില്ല.

ഷോട്ടുകളുടെ വൈവിധ്യതയും കളിയഴകുമാണ് മുംബൈക്കാരന്‍ രോഹിത് ശര്‍മ്മയെ സച്ചിന്റെ നാലാം നമ്പറിലേക്ക് പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഏകദിനത്തിലും ട്വന്റി-20യിലും നിലവില്‍ ഓപ്പണറുടെ റോളാണ് രോഹിത് വഹിക്കുന്നത്. ഐപിഎല്‍, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ കൂടിയായിരുന്നു രോഹിത്.

മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ മധ്യനിരയില്‍ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ അവസരം ലഭിച്ചിട്ടും ഫോം വീണ്ടെടുക്കാന്‍ സേവാഗിന് കഴിഞ്ഞിട്ടില്ല. ഫോം വീണ്ടെടുത്താല്‍ സേവാഗിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം. അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, മന്‍പ്രീത് ജുനേജ തുടങ്ങിയ യുവതാരങ്ങളുടെ പേരുകളും ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നുണ്ട്.

നിരവധി പേരുകള്‍ ഉയര്‍ന്നേക്കാം. ഒരാള്‍ സച്ചിന് പകരക്കാരനായി ടീമിലെത്തുകയും ചെയ്യും. പക്ഷേ, മറ്റൊരു സച്ചിനെ ആരും പ്രതീക്ഷിക്കരുത്…